ഒളിമ്പിക് യഥാർഥ്യങ്ങൾക്ക് മുന്നിൽ ഫെമിനിസം നോക്കുകുത്തിയാവുമ്പോൾ
1900 ത്തിലാണ് ഒളിമ്പിക് ഗെയിംസിൽ സ്ത്രീകളുടെ വിപ്ലവകരമായ ചുവടെത്തിത്തുടങ്ങുന്നത്.അന്ന് ടെന്നീസുൾപ്പടെ അഞ്ചു കായിക ഇനങ്ങളിലായി പങ്കെടുത്ത വനിതാ കായിക താരങ്ങൾ വെറും രണ്ട് ശതമാനം മാത്രമായിരുന്നു. കണങ്കാലുകളും നീളം കൈകളും മൂടത്തക്കവിധമുള്ള നീളമുള്ള പാവാടയായിരുന്നു അക്കാലത്ത് മത്സരത്തിനായി ധരിച്ചിരുന്നത്. ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ പ്രാതിനിധ്യം കൂടുന്തോറും അവരുടെ വസ്ത്രത്തിന്റെ വലിപ്പവും കുറഞ്ഞു വന്നു. അതിൻറെ ആദ്യനാളുകളിൽ പുരുഷന്മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കാൻ സ്ത്രീകൾ കഴിയുന്നത്ര ശരീരങ്ങൾ മറക്കണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.
1982 മുതൽ യുഎസ് ഒളിമ്പിക്സ് സ്പോർട്സ് ഓർഗനൈസേഷനുകൾക്കായി പ്രവർത്തിച്ച 290 കോച്ചുകളും ഉദ്യോഗസ്ഥരും ലൈംഗിക ദുരുപയോഗത്തെ ചൊല്ലി ആരോപണവിധേയരാണ്. 2012 ലെ ഒളിമ്പിക് ടീമും 2016ലെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് യുവ ജിംനാസ്റ്റുകളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി തീർത്തത് മുൻ യു.എസ് ജിംനാസ്റ്റിക്സ് നാഷണൽ ടീം ഡോക്ടർ ലാറി നാസർ ആയിരുന്നു എന്നത് നമ്മുടെ കണ്ണുകളെ തള്ളിപ്പോവാൻമാത്രം മതി. അതുപോലെ തന്നെ ഒളിമ്പിക് പരിശീലകനായ ജോൺ സില്ലറ്റ് 12 ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2016 ലെ സമ്മർ ഒളിമ്പിക്സിൽ റിയോ ഡി ജനീറോയിലും സമാനമായ ആരോപണങ്ങൾ ഉണ്ടായി.
ഇത്രയും പറഞ്ഞതിന്റെ രത്നചുരുക്കം മനസ്സിലായിക്കാണും, 1990 കളിൽ പാവാടയിട്ട് മത്സരിച്ചിട്ട് ഉണ്ടാകാത്ത കുഴപ്പങ്ങൾ എങ്ങനെ 1982 മുതൽ വരുന്നത് വസ്തുതാപരമായി അംഗീകരിക്കാൻ കഴിയും ??.
ഒളിമ്പിക് വനിതാ താരങ്ങളുടെ മെയ് വഴക്കമെന്നതിനുമപ്പുറം മേനിയഴക് കൂടിയാണവരുടെ പ്രധാന ആകർഷണമെന്ന് തെളിയിച്ചു തരുന്ന ഒരു സംഭവയാഥാർത്ഥ്യം ലോകമെങ്ങും വലിയൊരു കോലിളക്കത്തിന് വഴിയൊരുക്കി.
ആർട്ടിസ്റ്റ്ക് ജിംനാസ്റ്റിക്സിലെ പരമ്പരാഗത വേഷമായ തോൾ മുതൽ അരക്കെട്ട് വരെ മറയുന്ന ബിക്കിനി, സിംസ്യൂട്ട് മാതൃകയിലുള്ള ലിയോടോർഡിനു പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് ഞങ്ങളുടെ ശരീരം 'വിൽപ്പനച്ചരക്കാക്കേണ്ട' എന്ന പ്രഖ്യാപനവുമായി ജർമൻ താരങ്ങൾ ടോക്കിയാ ഒളിമ്പിക്സിൽ മത്സരിച്ചത്. നേരത്തെ സൂചിപ്പിച്ച അമേരിക്കൻ വനിത ടീമിന്റെ മുൻ പരിശീലകൻ ലാറി നാസറിന്റെ ഞെട്ടുന്ന പീഡന കഥകൾ പുറത്തു വന്നതിനു ശേഷമാണ് വേഷത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്. പുതിയ തലമുറക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായൊരു ഗെയിമാണെന്ന തോന്നൽ ഉണ്ടാക്കുകയാണവരുടെ ലക്ഷ്യം എന്ന് അവർ സൂചിപ്പിക്കുകയുമുണ്ടായി.
നോർവീജിയൻ ബീച്ച് വോളി ടീം ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഷോട്ട്സ് ധരിക്കണമെന്നാവശ്യപ്പെട്ട് ബിക്കിനി ധരിക്കാൻ വിസമ്മതിച്ചപ്പോൾ ടീമിന് പിഴയിട്ടിരുന്നു. ഇതിനെച്ചൊല്ലി യു.എസ് പോപ് ഗായിക പിങ്ക് തുറന്നടിച്ചു: "യൂണിഫോമിലെ ലൈംഗികച്ചട്ടങ്ങൾക്കെതിരെ പ്രതിഷേധിച്ച നോർവീജിയൻ വനിതാ ബീച്ച് ഹാൻഡ് ബോൾ ടീമിനെയോത്ത് ഞാൻ അഭിമാനിക്കുന്നു" എന്ന് പ്രസ്ഥാവനയിറക്കി അവരെ പ്രോത്സാഹിപ്പിച്ചു.ചൂഷണ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്ന ലൈംഗിക വൽക്കരണത്തിനെതിരെയാണ് ഈ പ്രസ്താവനകളെല്ലാം ചൂണ്ടിക്കാട്ടുന്നത്.
സ്ത്രീകളെ യഥേഷ്ടം പുറത്തിറക്കാനും മറച്ചു പിടിക്കേണ്ട ഭാഗങ്ങൾ കഴിയുന്നതും പ്രകടിപ്പിച്ചു കാണിച്ചും സ്ത്രീകൾ പുരുഷനു തുല്യമാണെന്നതിലധിഷ്ഠിതമായി മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ഇതിനായി പിന്തുണയും പ്രോത്സാഹനവും നൽകി സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന പാശ്ചാത്യരുടെ മനോഭാവങ്ങൾ പുറത്തുചാടിയിരിക്കുകയാണ് ഇവിടെ.
ജെൻഡർ എന്ന ആശയം തന്നെ ഇല്ലാതാക്കി രണ്ടുപേർക്കുമിടയിൽ തുല്യത വരുത്തുന്നതിന് ശ്രമിക്കുന്ന ലിബറൽ അധികാര ഇടങ്ങളും പുരോഗമന സ്ത്രീത്വത്തിൻറെ ഭാഗമായി സ്വയം പ്രഖ്യാപിതലിബറൽ ഫെമിനിസ്റ്റുകളോടും ഒന്ന് ചോദിക്കേണ്ടിയിരിക്കുന്നു : 'സ്ത്രീക്കും പുരുഷനും പ്രകൃതിപരമായ പരിമിതികളും യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ വ്യത്യാസങ്ങും വിശേഷണങ്ങളുമുണ്ടാകുമ്പോൾ സ്ത്രീക്കും പുരുഷനുമിടയിൽ 'തുല്യത' വരുത്തുന്നതെങ്ങനെ??!!
പർദ്ദയും ഷർട്ടും വസ്ത്രങ്ങളെന്നതിനപ്പുറം എങ്ങനെയതിന്റെ വ്യതിയാനങ്ങൾ സമമാക്കാൻ കഴിയും?? സവാളയും ക്യാരറ്റും പച്ചക്കറിയെന്നതിനപ്പുറം എങ്ങനെയാണതിനെ വിശേഷണങ്ങൾ കൊണ്ട് തുല്യമാക്കുക?.
വൈവിധ്യങ്ങളുടെ ചിന്തോദ്ദീപകമായ അർത്ഥതലങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു സൂക്തം വിശുദ്ധ ഖുറആനിൽ നമുക്ക് കാണാം.
وَلَا تَتَمَنَّوۡاْ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضٍۚ لِّلرِّجَالِ نَصِيبٌ مِّمَّا ٱكۡتَسَبُواْۖ وَلِلنِّسَآءِ نَصِيبٌ مِّمَّا ٱكۡتَسَبۡنَۚ وَسۡئَلُواْ ٱللَّهَ مِن فَضۡلِهِۦٓۗ 4:32
ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടു കൊള്ളുക.
ഒരാൾ മറ്റൊരാളെപ്പോലെ പൂർണമായും ആകാൻ ശ്രമിക്കുക എന്നത് ശുദ്ധമണ്ടത്തരമാണെന്ന് ഈ ബാഹ്യമായ അർത്ഥതലങ്ങളിൽ നിന്നും തന്നെ സുവ്യക്തമാണ്.
സ്ത്രീയും പുരുഷനും ഒരു നാണയത്തിന് ഇരുവശങ്ങളാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു, രണ്ടു നാണയത്തിന്റെ ഇരുതലങ്ങളെന്നത് തലയും വാലുമാണ്, രണ്ടും ഒന്നായാൽ ഒരു നാണയമാകുമോ?!! വസ്തുതാപരമായി നോക്കുമ്പോൾ ഹൃദയവും ശ്വാസകോശവും രണ്ടും രണ്ടാണ്. രണ്ടിനും മനുഷ്യശരീരത്തിൽ അതിന്റേതായ പണിയത് ഭംഗിയായി ചെയ്യുന്നു. ഹൃദയം ശ്വാസകോശമായാലും ശ്വാസകോശം ഹൃദയമായാലുമുള്ള അവസ്ഥ ചിന്താസരണിയിലേക്കൊന്നു എത്തിച്ചു നോക്കുക, കോഴി പരുന്താവാനും പരുന്ത് കോഴിയാവാനും ശ്രമിച്ചാലോ??!,ഒരു രാജ്യത്തിൽ രണ്ടു പ്രധാനമന്ത്രിമാരുടെ അധികാരം നടപ്പിൽ വന്നാലോ??!, ഒരിക്കലും പ്രായോഗികമാകാത്തതും നടപ്പിലാക്കാൻ കഴിയാത്തതുമായ കാര്യത്തിലാണ് ഫെമിനിസ്റ്റുകൾ തർക്കിച്ച് കൊണ്ടിരിക്കുന്നത്.
പാശ്ചാത്യരുടെ ഫെമിനിസ്റ്റ് ആശയങ്ങളെയാണവർ ആണയിടുന്നതെങ്കിൽ ഇതേ ജിംനാസ്റ്റിക്സിൽ ഇടുങ്ങിയ അർദ്ധനഗ്നരാകേണ്ടി വരുന്ന വനിതകളിടുന്ന ബിക്കിനിക്ക് പകരം താരതമ്യേന അയഞ്ഞ, സ്റ്റൈറപ്പ് ട്രൗസറിന് കീഴിൽ പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കുന്നു എന്നത് ഗൗരവമാക്കിത്തന്നെ എടുക്കേണ്ടേ? പലപ്പോഴും കമ്പോളങ്ങൾക്ക് വേണ്ടി നമ്മുടെ വസ്ത്ര രീതി മാറ്റിവെക്കേണ്ടിയിരിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.
ഗെയിംസിൽ ധരിക്കുന്ന ഡ്രസ്സ് കോഡുകൾ വലിയ അളവിൽ പണവും വാണിജ്യ താൽപര്യങ്ങളും അനുസരിച്ചാണ് നിർദ്ദേശിക്കപ്പെടുന്നതെന്ന്, സപോർട്സ് ചാനലിന്റെ മുന്നിലിരിക്കുന്ന നമുക്കിത് ബോധ്യപ്പെട്ടത് കൂടിയാണ്. ഇവിടെ സ്ത്രീകളെ അന്താരാഷ്ട്ര ഫെഡറേഷനുകളിലെ നേതൃത്വ സ്ഥാനങ്ങളാൽ പ്രദർശന വസ്തുവാക്കിയും വിൽപ്പനച്ചരക്കാക്കിയും കാര്യം നേടാൻ ശ്രമിക്കുന്നു, ഇവർക്കെതിരെയായി ഞങ്ങളെ വിൽപ്പനച്ചരക്കാക്കേണ്ട, ഞങ്ങളുടെ ശരീരം കണ്ട് ആസ്വദിക്കേണ്ട, മാന്യവും സഭ്യവുമായ വസ്ത്രധാരണയാണ് ഞങ്ങൾക്ക് കൂടുതൽ സുരക്ഷിതാബോധം നൽകുന്നതെന്ന് പ്രഖ്യാപിച്ച് ഉള്ളിലുള്ള നിലപാട് തുറന്നുകാട്ടി സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ അവർ കാണിച്ച ഈ ചുവടുവെപ്പിന് ഇരു കയ്യുംനീട്ടി അംഗീകരിക്കേണ്ടിയിരിക്കുന്നു.
യൂണിറ്റാർഡ് ധരിച്ച് ജർമനിയുടെ വനിതാ ജിംനാസ്റ്റുകൾ മത്സരത്തിൽ പങ്കെടുത്ത് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗികാതിപ്രസരത്തോടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ നിദാനമായത് ഒരു പുതിയ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു എന്ന് പ്രത്യാശിക്കാം.
സ്ത്രീസുരക്ഷ പരിഗണിക്കാതെ ഫെമിനിസം സ്ത്രീ സ്വാതന്ത്ര്യത്തിന് മുൻതൂക്കം കൊടുക്കുമ്പോൾ, മതം സ്ത്രീസുരക്ഷ പരിഗണിച്ച് ജൈവപരമായ പ്രത്യേക പ്രകൃതങ്ങൾ ഉൾക്കൊണ്ട് പരിമിതികൾക്കുള്ളിൽ വെച്ച് സ്വാതന്ത്രം വകവെച്ച്നൽകുന്നു.സ്ത്രീകളുടെ ശരീരഭംഗി ഏറ്റവും പ്രകടമാകുന്ന വയസ്സുകളിൽ എന്തിനവളുടെ ശരീര ഭാഗങ്ങൾ പൂർണമായി മറച്ച് ഹനിക്കപ്പെടുന്നു എന്ന ചോദ്യത്തിനുത്തരം പറയാനുള്ളത്, 'അൽപവസ്ത്രധാരികളായി ഒരു പെണ്ണ് വെളിയിൽ പുറത്തിറങ്ങുന്നത് അവളുടെ സ്വാതന്ത്ര്യമാണെങ്കിൽ ഏറ്റവും മാന്യമായി തോന്നുന്ന പൂർണ വസ്ത്രധാരിയായി അവളുടെ അഭിലാഷങ്ങൾ നേടിയെടുക്കുക എന്നതവളുടെ സ്വാതന്ത്ര്യവുമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പൂർണമായി നിലകൊള്ളണമെന്ന് പറയുന്ന ലിബറൽ ചിന്താഗതിക്കാർ തന്നെയാണീ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയായ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചു വരുന്നത്. പുരുഷന്മാരെ ഏറ്റവും ഇളക്കിവിടുന്ന വേഷവിധാനങ്ങൾ പാശ്ചാത്യ ഫെമിനിസം പ്രചരിപ്പിക്കുന്നവർക്ക് സമൂഹം എങ്ങനെയാണ് തങ്ങളെ നോക്കി കാണുന്നതെന്നും അതെത്രത്തോളം സുരക്ഷിതാ രഹിതമാണെന്നുമുള്ള അധ്യാപനങ്ങളാൽ പ്രകൃതി തിരിച്ചടിക്കുന്നു.
ഈ പ്രതികൂലാവസ്ഥ അകക്കണ്ണ് കൊണ്ട് കണ്ട ഇസ്ലാമിന്റെ സുകൃതമായ അധ്യാപനങ്ങൾ ഇവിടെ കുറിക്കാം:
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ
"നബിയേ, അങ്ങയുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്."
ഒരു സ്ത്രീക്ക് എത്രത്തോളം തന്റെ ശരീരഭാഗങ്ങൾ മറക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നതല്ല, എത്രത്തോളമത് തുറന്നിടാൻ അവകാശമുണ്ടെന്നതിലാണീ വിപ്ലവകാരികൾ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സദാചാരം കാലത്തിനും ദേശത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു, അതിന്റെ ഏറ്റവുംപ്രസക്തമായ ഉദാഹരണങ്ങളാണ് പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിലുണ്ടായ മാറുമറയ്ക്കാൻ സ്വാതന്ത്ര്യമുന്നയിച്ച് നടന്ന ചാന്നാർ ലഹളയും 2014 നവംബറിൽ നടന്ന ചുംബന സമരവും.രണ്ടും രണ്ട് ദ്രുവങ്ങളിൽ നിന്നാണ് വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്.ഇസ്ലാമിക വിരോധികളോടും ഫെമിനിസ്റ്റുകളും യുക്തിവാദികളോടും ഇവ്വിഷയകമായി കുറിച്ചിടാനുള്ളത് നിങ്ങൾ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യമായ സ്വാതന്ത്ര്യം നേടിക്കൊടുക്കുമ്പോൾ ഒഫീഷ്യലുകൾക്ക് ആസ്വാദനഹരവും പരസ്യത്തിന് വരുമാനവും കാമത്തിന് കാമവും സ്ത്രീ ഭ്രമത്തിന് സ്ത്രീ ഭ്രമവും എറിഞ്ഞു കൊടുക്കുകയാണ്. പകരം ഇന്ത്യയിലെ ദൈനംദിനം നടക്കുന്ന ക്രൂരതകൾക്കെതിരെ ഒച്ച വെക്കൂ , സ്ത്രീകൾക്ക് അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം പുരുഷനും കാര്യങ്ങൾ ഗ്രഹിപ്പിക്കൂ, സമാനമായ അധികാര പദവികൾ ഒരിക്കലും ഒരു നല്ല ശാക്തീകരണത്തിന് കാരണമാക്കുന്നില്ല. സ്ത്രീയുടെ സത്വം നിലനിർത്തിക്കൊണ്ട് ധാർമികവും സദാചാരപരവുമായ ചില ഘടകങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിലൂടെ ആർജവം എന്ന ഒന്ന് സൃഷ്ടിക്കപ്പെടുന്നൊള്ളൂ.