ഇനിയുമൊരു സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യ തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവോ?!
നീണ്ട വർഷക്കാലത്തെ സ്വാതന്ത്ര്യ സമര,സത്യാഗ്രഹങ്ങൾക്ക് വിരാമമായി 1947 ആഗസ്റ്റ് 14 ന്, അർദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നു കഴിഞ്ഞിരുന്നു. ചെങ്കോട്ടക്ക് മുകളിൽ ഇന്ത്യൻ ദേശീയ പതാക പൂർണ്ണ സ്വാതന്ത്ര്യത്തോടെ, ഏറെ അഭിമാനത്തോടേ ഉയർന്നു കഴിഞ്ഞിരുന്നു.
ദീർഘ കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ പടികൾ കയറിയിട്ട് ഇന്നേക്ക് 75 വർഷം പിന്നിടുന്നു. വർഷങ്ങൾ പിന്നിടും തോറും ഇന്ത്യ രണ്ടാമതൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണോ എന്ന ചോദ്യം ഇന്ന് നാമോരോരുത്തരേയും നിഴലായ് പിന്തുടർന്നു കൊണ്ടിരിക്കുന്നു. "എല്ലാ സന്താനങ്ങൾക്കും പാർക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു"എന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളെ എത്ര സ്വതന്ത്രമായാണല്ലേ നിലവിലെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂട്ടാളികളും പൊളിച്ചെഴുതുന്നത്. ഇന്ന് രാജ്യം ഹിന്ദുത്വവൽക്കരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഫാസിസ്റ്റ് ഭരണകൂടം. കൊറോണ ഭീതി പരത്തിയ അതിനിർണായക ഘട്ടത്തിലും ഇത്ര തിടുക്കപ്പെട്ട് പൗരത്വ ഭേദഗതി ബിൽ നടപ്പാക്കേണ്ട എന്താവശ്യമാണ് സർക്കാറിനുള്ളത്?!
"തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വോട്ടു വാങ്ങി ജയിച്ച്, ഭരണത്തിന്റെ ഉന്നത പദവികളിൽ ഇരുന്നു കൊണ്ട് ജനങ്ങളെപ്പറ്റി ഒട്ടും വ്യാകുലപ്പെടാതെ ജീവിക്കുന്നതിലും നാണക്കേട് മറ്റെന്താണുള്ളത്?" എന്ന നെഹ്റുവിന്റെ ചോദ്യത്തെ മോദി സർക്കാരിനു നേർക്ക് കാർക്കിച്ചു തുപ്പേണ്ടിയിരിക്കുന്നു. പണം മുഴുവനും പ്രതിമയ്ക്കായ് ചിലവഴിച്ച്, പ്രാണ വായുവിനായ് പരക്കം പാഞ്ഞ ജനങ്ങൾക്കു മുൻപിൽ പ്രതിമ പോലെ നിന്ന സർക്കാർ! പീഢനങ്ങൾക്കും പ്രാണനെടുക്കുന്നവർക്കും കൂട്ടു നിൽക്കുന്ന സർക്കാർ!
ശാന്തിക്കും സമാധാനത്തിനും പ്രാധാന്യം നൽകി, അഹിംസാ പരമായ സമരങ്ങൾ നയിച്ച നേതാക്കന്മാരത്രയും സ്വപ്നം കണ്ടിരുന്നത് മത വൈവിധ്യമാർന്ന ഇന്ത്യയെയായിരുന്നു, മനുഷ്യ നന്മയെയായിരുന്നു. ആ സ്വപ്നങ്ങൾക്ക് മേലിലും പൂട്ട് വീണു തുടങ്ങിയിരിക്കുന്നു. മത വൈവിധ്യങ്ങളുടെ നാടായിരുന്ന ഇന്ത്യയും ഇന്ന് മതത്തിന്റേയും ജാതിയുടേയും പേരിൽ രക്തച്ചൊരിച്ചിലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. പല കേസുകളിലേയും മുഖ്യ പ്രതികൾ സർക്കാറും കൂട്ടാളികളും തന്നെ. അക്രമികൾക്കും ഘാതകർക്കും രക്ഷാകവചമായി മാറിയിരിക്കുന്നു ഇന്നത്തെ ഇന്ത്യൻ സർക്കാർ. മത ഭ്രാന്തന്മാരെ ആദരിച്ചും, രാഷ്ട്ര പിതാവിനെ അവഗണിച്ചും, തിന്മകൾക്ക് കൂട്ടു നിന്നും, നീതി നിഷേധത്തിനെതിരേ ശബ്ദമുയർത്തുന്നവരുടെ വായയടപ്പിച്ചും ഏകാധിപത്യത്തിന്റെ ചവിട്ടു പടികൾ കയറിത്തുടങ്ങിയിരിക്കുന്നു ഈ ജനാധിപത്യ രാജ്യം!
സത്യത്തിന്റെയും സമാധാനത്തിന്റെയും വെള്ളരി പ്രാവുകളുടെ ചിറകുകളരിയാൻ തിടുക്കം കൂട്ടുന്ന ഭരണകർത്താക്കൾക്കെതിരെ നീതിയുടെയും സമത്വത്തിന്റെയും പടവാളേന്തി ദേശവിരുദ്ധരായ ദേശസ്നേഹികൾ പുതിയൊരു സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവോ..?!
No comments:
Post a Comment