മാധ്യമം; ഉൾവലിഞ്ഞ ധര്‍മ്മം, കെട്ടഴിഞ്ഞ കര്‍മ്മം
മാധ്യമം എന്നാൽ മദ്ധ്യത്തിൽ നിൽക്കുന്നത് അഥവാ മധ്യസ്ഥം വഹിക്കുന്നതെന്നൊരു നിർവചനം കൊടുക്കാം. നിയന്ത്രിക്കാൻ കഴിയാത്ത ചുറ്റുമുള്ള സത്യവും വ്യാജവും അസമത്ത്വവും നിറഞ്ഞ വാർത്തകളുടെ നിലവറകൾക്കിടയിൽനിന്ന് മാധ്യമ കർത്തവ്യ നിർവ്വഹണത്തിൽ പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിപ്പോരുക എന്നതാണൊരു മാധ്യമപ്രവർത്തകന്റെ
ധർമ്മം.
ഈ സീമകൾക്കപ്പുറത്ത് നിലകൊള്ളുന്ന ഇന്നത്തെ ഇന്ത്യൻ മാധ്യമ വ്യവസ്ഥക്ക് വിള്ളലേറ്റിരിക്കുന്നു, പലപ്പോഴും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് മുന്നിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് നിദാനമായിത്തീരുന്ന പല വിഷയങ്ങളും മറക്ക് പിന്നിൽ ഒളിച്ചു കളിക്കുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട അവകാശമില്ലാതെയായി പോകുന്ന ഒരു കൂട്ടം മനുഷ്യർക്കുവേണ്ടി അവസാനശ്വാസംവരെ നിലകൊള്ളുമ്പോൾ ഏറ്റവും സുതാര്യമായ മാധ്യമപ്രവർത്തനം രൂപപ്പെടുന്നു. ഭൂരിപക്ഷ മാധ്യമപ്രവർത്തനവും, എതിരേൽക്കേണ്ടി വരുന്ന സംഘർഷസാധ്യതകൾ ഭയന്നോ ഭരണകൂടത്തിന് ഒത്താശ ചെയ്തോ വാർത്ത ചെയ്യുന്നവരാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആത്മാർത്ഥമായി കർത്തവ്യം നിർവഹിച്ചു പോരുകയും തുറങ്കലിലടക്കപ്പെടുകയും നിരന്തരം ഭീഷണികളും നേരിടേണ്ടി വരികയും ചെയ്ത ചിലർ നമുക്ക് ചുറ്റുമുണ്ട്. സിദ്ദീഖ് കാപ്പൻ, സകരിയ, ഷർജീൽ ഇമാം, ആസിഫ് അലി, റഹൂഫ് ശരീഫ്, മഅ്ദനി എന്നിവർ പല വിഷയങ്ങളിലായി അന്യായമായി സംഘർഷാവസ്ഥ അനുഭവിക്കേണ്ടി വന്നവരിൽ ചിലർ മാത്രമാണ്.
ഏറ്റവും സുതാര്യമായ രീതിയിൽ പ്രവർത്തനം നടത്തുന്ന ജനകീയ മാഗസിനുകളും മാധ്യമപ്രവർത്തകരും നമുക്ക് ചുറ്റുമുണ്ട്. ചിന്താശേഷിയുള്ള സമൂഹം വളച്ചൊടിക്കുന്നതും മറച്ചു പിടിക്കുന്നതുമായ വാർത്തകളെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിലൂടെയും വിമർശിക്കുന്നതിലൂടെയും ജനാധിപത്യ താൽപര്യങ്ങൾ വകവെച്ച് മാധ്യമദൗത്യം ചെയ്യണമെന്ന വിചാരമുണ്ടാകുമ്പോഴും ആരോഗ്യകരമായ മാധ്യമ രീതി പരിവൃത്തി പ്പെടുത്താൻ കഴിയും. ഈ ആരോഗ്യപരമായ മാധ്യമ വ്യവസ്ഥ അവരെ ആക്രമിച്ചതുകൊണ്ട് തകർത്തെറിയാൻ കഴിയുകയില്ല. 1998 മുതൽ കഴിഞ്ഞ ദിവസം വരെ, അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 80 ആണെന്നത് ഒരു ഞെട്ടിപ്പിക്കുന്ന സത്യമാണ്. രാഷ്ട്രീയത്തിന്റേയും സമൂഹത്തിന്റേയും പച്ചയായ രീതിയെ എന്നും അവതരിപ്പിക്കുക എന്ന ബോധം ചിലരുടെ മനസ്സിലെങ്കിലും ഉണ്ടാകുന്നിടത്തോളം വരെ വ്യവസ്ഥാപിത നിയമങ്ങൾ മുറപോലെ നിലകൊള്ളുക തന്നെ ചെയ്യും.
ഒരു നീണ്ട എഴുത്തുകൾക്കും ബോധിപ്പിക്കാൻ കഴിയാത്ത റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലെ നരകതുല്യമായ ജീവിതങ്ങളും യുദ്ധ പലായനങ്ങളും പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിയ മില്ലിയ കോളേജിന് പുറത്ത് സമരക്കാർക്ക് നേരെ തോക്കുചൂണ്ടി വന്ന ഹിന്ദുത്വ തീവ്രവാദിയുടെയും ചിത്രം ഒരൊറ്റ ഫ്രെയിമിലൂടെ ഡാനിഷ് സിദ്ദീഖി നമ്മുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചു തന്നു. അന്താരാഷ്ട്ര മാധ്യമരംഗത്ത് ഇന്ത്യയിൽനിന്നുള്ള പുലിറ്റ്സർ ജേതാവായ സിദ്ദിഖിയുടെ മരണം എത്രയോ റോയിട്ടേർസ് ചിത്രങ്ങൾക്ക് വിരാമമിട്ടു. കേന്ദ്ര സർക്കാർ കാശ്മീരിൽ വാർത്താവിനിമയം വിച്ചേദിച്ച് ഏർപ്പെടുത്തിയ ഉപരോധത്തിനിടയിലും അവിടെയെത്തി അതുവരെയും പുറം ലോകത്തിന്റെ കണ്ണുകൾ കണ്ടിട്ടില്ലാത്ത സംഭവങ്ങൾ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് പുറത്തെത്തിച്ചു.
യുപിയിൽ ദലിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി മൃതദേഹം പോലീസ് കത്തിച്ചു കളഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ പമലയാളി പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഫാഷിസത്തിന്റെ ഇരുണ്ട കൈകളിൽ പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഞെരിഞ്ഞമരുന്നത് വലിയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്യായമായ രീതിയിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഏൽക്കേണ്ടി വന്നതും വലിയൊരു കോലിളക്കത്തിന് ഇടയാക്കി. നേരായ വാർത്തകൾ തരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എത്ര മാധ്യമങ്ങളായും ഇത്തരം വാർത്തകൾക്ക് മുന്നിൽ പല സത്യങ്ങളും വെട്ടിക്കുറച്ചിട്ടുണ്ടാവുക?
സപഷ്ടവും സുദീർഘവുമായ വസ്തുതാന്വേഷണ യാത്ര നടത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസമാണ് 2021 ൽ ലൂയിസ് എം ലിയോൺസ് അവാർഡ് കിട്ടിയ കാരവന് മാഗസിൻ. ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ മരിച്ച കർഷകൻ ജഡ്ജ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് ഇവർ പുറത്തുവിട്ട വാർത്തകൾ ഇന്ത്യൻ ജുഡീഷ്യറിയിൽ വരെ വലിയ കോലാഹലങ്ങൾക്ക് കാരണമായിത്തീർന്നിട്ടുണ്ട്. അനീതിക്കെതിരെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ എഴുത്തുകൾ കാരണം ഒരുപാട് കേസുകളും സംഘർഷാനുഭവങ്ങളും അവർക്ക് നിരന്തരം നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നു. ഒരു കർഷകന്റെ മരണം സംബന്ധിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിൻറെ പേരിൽ അവരുടെ എക്സിക്യൂട്ടീവ് എഡിറ്ററടക്കം മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇവരുടെ തന്നെ ഒരു മാധ്യമപ്രവർത്തകനെ അകാരണമായി പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയും കാരവന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെക്കുകയും ഇതിനുപിന്നാലെ ചെയ്തു. ഇവരുടെ വിനോദ് കെ ജോസ് ചന്ദ്രികാ ആഴ്ചപ്പതിപ്പുമായി പങ്കുവെച്ച അനുഭവങ്ങളിലൊടുക്കം അദ്ദേഹം പറയുന്നു "ഞങ്ങൾക്കിടയിലെ ആരെങ്കിലും ബുദ്ധിമുട്ടിൽ പെട്ടാൽ തന്നെ ഞങ്ങളുടെ കളക്ടീവ് സ്ട്രംങ്‌ത് എല്ലാത്തിനെയും ധീരതയോടെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള തൊഴിൽ എന്നതാണല്ലോ മാധ്യമപ്രവർത്തനത്തിന്റെ കരുത്ത് ".മാധ്യമ പ്രവർത്തകരിൽ നിന്നും കേൾക്കുന്ന ഇത്തരം വാക്കുകൾ വായനക്കാർക്കെന്നും ഊർജ്ജം പകരുന്നതാണ്. സജീവമായി കർഷക സമരത്തെ സമഗ്രമായി റിപ്പോർട്ട് ചെയ്യുകയും വിശദമായി വിശകലനം ചെയ്യുകയും ചെയ്ത കാരവൻ, ന്യൂസ് ലോൺട്രി, ദി വയർ, , ന്യൂസ് ക്ലിക്ക് എന്നീ വളരെ കുറച്ചു മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പങ്കുവെച്ചു.
പരസ്പരം പണം വാരിക്കൂട്ടാൻ മത്സരിക്കുന്ന കുത്തക വർഗ്ഗങ്ങൾക്കും കോർപ്പറേറ്റുകൾക്കും അവരുടെ ദല്ലാളിമാർക്കും രാഷ്ട്രീയ വർഗ്ഗങ്ങൾക്കും ഒത്താശ ചെയ്യുന്ന അല്ലെങ്കിൽ അവരുടെയൊക്കെ ഭീഷണികൾക്ക് മുന്നിൽ പലതും മറച്ചു പിടിക്കേണ്ടി വരുന്ന മാധ്യമപ്രവർത്തനവും ഇന്നീ വ്യവസ്ഥാപിത ജനാധിപത്യത്തിന് വലിയൊരു വെല്ലുവിളിയായിരിക്കുകയാണ്. സംഘപരിവാർ ഭരണകൂടത്തിന് കീഴിൽ മാധ്യമപ്രവർത്തനം രാജ്യദ്രോഹകുറ്റമായി പലപ്പോഴും മുദ്രകുത്തപ്പെടുമ്പോൾ ഇത്തരം മാധ്യമപ്രവർത്തകരെ എല്ലായ്പോഴും ജനങ്ങൾ ഏറ്റെടുക്കണം, അനീതിക്കെതിരെയും ശബ്ദമില്ലാതെയായി പ്പോകുന്നവരുടെ ശബ്ദമായി മാറുമ്പോഴും ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവയെയൊക്കെ പിന്തുണച്ച് നീതിയുടെ കൂടെയെപ്പോഴും നിലനിൽക്കാൻ നാം ധൈര്യം കാണിക്കണം. 2005 ൽ നടപ്പിൽ വന്ന വിവരാവകാശ നിയമം ഇതിനൊക്കെയുള്ളതാണ്.
നിശ്ചിപ്ത താൽപര്യങ്ങൾ നിലകൊള്ളാത്തതും നേരായ വാർത്തകൾ തരുന്ന ഓർഗനൈസേഷനുകളും പ്രത്യേകം ശ്രദ്ധിക്കുന്ന വായനക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ വികാസമെന്നതിൽ നമുക്കൊത്തിരി അഭിമാനിക്കാനുണ്ട്, അതുവഴി സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ തൊഴിൽ പുത്തൻ സംസ്കാര രീതിയോടു കൂടെത്തന്നെ ഏറ്റവും കരുത്തുറ്റതാവട്ടെ ഇനിയുള്ള കാലമത്രയും...
No comments:
Post a Comment