Followers

Tuesday, August 31, 2021

കായിക മാമാങ്കങ്ങളിൽ കിതക്കുന്ന ഇന്ത്യ.

കായിക  മാമാങ്കങ്ങളിൽ കിതക്കുന്ന ഇന്ത്യ.

ലോക സംസ്കാരത്തിന്റെ കലവറയായ ഗ്രീസിൽ നിന്ന് തുടക്കം കുറിച്ച് ലോക കായിക മാമാങ്കം ആയി, ലോകത്തിന്റെ ആവേശമായി മാറിയ മഹോത്സവമാണ് ഒളിമ്പിക്സ്.
നാലു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഒളിമ്പിക്സിലെ അവസാനത്തെ മത്സരം ഈ അടുത്ത അവസാനിച്ചു.2020 ജൂലൈ 24 മുതൽ ആഗസ്റ്റ് 29 വരെ നടത്താൻ തീരുമാനിച്ചു. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ ഒന്ന് കാലിടറി.എന്നാൽ സംഘാടകരുടെയും കായിക പ്രേമികളുടെയും മത്സരാർത്ഥികളുടെയും മനോധൈര്യത്തിനും സമർപ്പണത്തിനും  മുൻപിൽ  വിധിയും  അടിയറവു പറഞ്ഞു.അതിനാൽ തന്നെ ഒരു വർഷത്തിന്റെ ഇടവേളക്ക് ഇപ്പുറം 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് 4 വരെ യായി ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക്സ് മത്സരം അവസാനിച്ചു.ഭിന്നശേഷിയുള്ള ഞങ്ങൾ വിഭിന്നമായ ശേഷികൾ ഒത്തൊരുമിച്ചവരാണ് എന്ന പ്രഖ്യാപനത്തോടെ പാരാലിംബിക്സ്  ഇന്നും ടോക്കിയോയിൽ തുടർന്നു കൊണ്ടിരിക്കുന്നു.




 ഇന്ത്യയും ഒളിമ്പിക്സ് മാമാങ്കവും.

ലോകജനസംഖ്യയിൽ രണ്ടാമതും, രാജ്യ വിസ്തൃതിയിൽ ലോകത്തിൽ ഏഴാമതും, ആഗോളവിപണിയിൽ ഒമ്പതാം സ്ഥാനത്തും, അതിനൊക്കെ പുറമേ ഏറ്റവും വലിയ ലോക ജനാധിപത്യരാജ്യമായ ഇന്ത്യ ഒളിമ്പിക്സ് പ്രകടനത്തിൽ എത്രത്തോളം കുതിക്കുന്നുണ്ട്?, എന്താണ് നിലവിലെ ഇന്ത്യൻ ഒളിമ്പിക്സ് നിലവാരം?, എന്താണ് ഇന്ത്യയിലെ ഒളിമ്പിക്സ് ആവേശം?, അതിനോടുള്ള മനോഭാവം എങ്ങനെയാണ്?.
ഈ അടുത്ത് അവസാനിച്ച ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നാലു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.നീണ്ട കാത്തിരിപ്പിനു വിരാമമായി  മിൽഖ സിംഗിനെ പോലുള്ള  പല കായിക പ്രഗത്ഭരുടേയും സ്വപ്നമായി അവശേഷിച്ച ട്രാക്കിലെ മെഡൽ നേട്ടം എന്നത്  സ്വർണ്ണം തന്നെ നേടി നീരജ് ചോപ്ര ഇന്ത്യക്ക് അഭിമാനമായത് ഉൾപ്പെടെ    ഒരു ഒളിംപിക്സിൽ ഇന്ത്യ നേടുന്ന ഏറ്റവും  കൂടുതൽ മെഡലുകൾ എന്ന ലണ്ടൻ ഒളിംപിക്സിലെ 6 മെഡലുകൾ തിരുത്തിക്കുറിച്ച് ടോക്കിയോയിൽ 7 മെഡലുകളുമായി ഇന്ത്യ യശസ്സോടെ  ശിരസ്സുയർത്തി പിടിച്ച് മടങ്ങി.2016ലെ റിയോ ഒളിമ്പിക്സിൽ 69 മത് സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞ് അല്ല അസംതൃപ്തിയടഞ്ഞു മടങ്ങേണ്ടി വന്ന ഇന്ത്യ 40 വർഷത്തിനിടക്ക്  ഏറ്റവും മികച്ച റാങ്ക് ആയി 48 കുറിച്ചിട്ട ടോക്കിയോയിൽ നിന്നും മടങ്ങി.എന്നാൽ പാരാലിമ്പിക്സിൽ ഇതുവരെ മെഡൽ നേട്ടം കൊയ്യാൻ ആയില്ലെങ്കിലും 3 മെഡലുകൾ ഉറപ്പിച്ചാണ് ഇന്ത്യൻ പൊരുതൽ.കായിക മാമാങ്കത്തിലെ ഇന്ത്യയുടെ ആദ്യ അംങ്കത്തിന് ഒരു നൂറ്റാണ്ടിന്റെ കഥപറയാൻ ഉണ്ടാവുമ്പോഴും വെറും 28 മെഡൽ മാത്രമാണ് ഇന്ത്യ ഈ ഒരു നൂറ്റാണ്ടിനിടയ്ക്ക് സമ്പാദിച്ചത്.ഇന്ത്യൻ അയൽ രാജ്യമായ എന്തിനും ഏതിനും ഇന്ത്യയോട് കട്ടക്ക് പോരാടുന്ന രാജ്യവുമായ ചൈന 699 മെഡലുകളുമായി നാലാം സ്ഥാനം കൈയ്യാളുമ്പോൾ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്?, എവിടെയാണ് ഇനി തിരുത്തലുകൾ ആവശ്യമുള്ളത്?.




 ഒളിമ്പിക്സും ഇന്ത്യൻ വിമുഖതയും.


ഏറ്റവും വലിയ വെല്ലുവിളിയായി ഒളിമ്പ്യൻമാരും അത്ലറ്റിക്കുകളും നേരിടുന്നത് അപര്യാപ്തമായ പരിശീലനത്തിന്റെയും പരിശീലന സാഹചര്യങ്ങളുടെയും പരിശീലകരുടെയും നികത്താനാവാത്ത കുറവാണ്.ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ച അധികപേരും വിദേശത്തു   പോയി പരിശീലനം  സിദ്ധിച്ചവരാണ്.ഒരുപക്ഷേ അതിനാൽ മാത്രം ആകേണം അവർക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോലും ആയത്.നീരജ് ചോപ്ര എന്ന ഇന്ത്യൻ ട്രാക്കിലെ അഭിമാനതാരം ജർമനിയിൽ പോയാണ് പരിശീലിച്ചത്.ഇത് ഭരണ കായിക നേതാക്കൾ ഒന്ന് പുനരാലോചന ചെയ്യേണ്ട വസ്തുതയാണ്.ക്രിക്കറ്റ് ഫുട്ബോള് പരിശീലനത്തിനായി നിരവധി അനവധി സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും അതിനായി കോടികൾ മുടക്കുന്നും ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം  നിർമിക്കാനായി മാത്സര്യ ബുദ്ധിയോടെ പെരുമാറുന്ന ഭരണകക്ഷികൾ ഇവരുടെ അടിസ്ഥാന പരിശീലനത്തിനായി വിരലിലെണ്ണാവുന്ന സ്ഥലങ്ങൾ എങ്കിലും ഉണ്ടാക്കാനായി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.ഇവരുടെ പുരോഗമനത്തിന് ആയി ഒരു നിശ്ചിതസംഖ്യ ബജറ്റിൽ നിന്നും മാറ്റി വെക്കണം.ഇന്ത്യ ഒരു വികസിത രാജ്യം അല്ലാത്തതിനാൽ ഒരുപക്ഷേ ഡിജിപിയുടെ നല്ല ഒരു ശതമാനം ഇതിനായി മാറ്റിവെക്കാൻ കഴിയാത്തതിനാൽ കോർപ്പറേറ്റ് ഭീമൻ മാരെയും മറ്റു വ്യവസായി പ്രമുഖരെയും ഇതിനായി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം.

മതിയായ സ്പോൺസർമാർ ഇല്ലാത്തതും ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനായും ഭരണ-പ്രതിപക്ഷ-കായിക നേതാക്കൾക്ക് വ്യവസായി പ്രമുഖൻ മാരുടെയും കോടീശ്വരൻ മാരുടെയും മേൽ സമ്മർദ്ദം ചെലുത്താവുന്നതാണ്.മറ്റൊരു പ്രധാന  തടസ്സമായി,  പ്രതിബന്ധമായി  വരുന്നത് അത് സമ്പത്താണ്.വിദേശ പരിശീലനവും അപര്യാപ്തമായ ഗാർഹിക സാഹചര്യവും പല മഹത്തായ കായിക താരങ്ങളെയും അവരുടെ മുളയിലെ നുള്ളി കളയുന്നു.വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഇതിനെ അതിജയിക്കാൻ ആവുന്നുള്ളൂ.  അതിജയിക്കുന്നവർക്ക് തന്നെ പല അസഹനീയമായ പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടതുമുണ്ട്.ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് ശേഷം മീര ഭായ് ചാനു എന്ന മഹത് പ്രതിഭ സൽക്കരിച്ച ലോറി ഡ്രൈവർമാർ അതിനെ ഒരു മകുടോദാഹരണമാണ്.


നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കായിക മാമാങ്കം ആയതിനാൽ ആവേശവും ആർപ്പു വിളികളും ഉയരുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ്.ഇവരുടെ ഇതിനിടയിലുള്ള കാലത്തിൻ ഇടക്കുള്ള  പരിശീലനമോ സാമ്പത്തിക സാഹചര്യമോ മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയോ മറ്റോ ആരും തന്നെ അന്വേഷിച്ച് അറിയുന്നില്ല, മതിയായ പരിഗണന നൽകുന്നില്ല എന്നതും വലിയ ഒരു കടമ്പ തന്നെയാണ്.ക്രിക്കറ്റ് ഫുട്ബോൾ മത്സരങ്ങൾക്കുള്ളത് പോലെ  ആരാധന പിൻബലവും പ്രോത്സാഹനവും ഒളിമ്പ്യൻ മാർക്ക് വളരെ വളരെ പരിമിതമാണ്.



 പരിഹാര മാർഗങ്ങൾ.


സ്കൂൾ കായിക മാമാങ്കത്തിലൂടെ സംസ്ഥാന ജേതാക്കൾ ആകുന്നവർക്ക് അവരുടെ കഴിവിന്റെ, പ്രകടനത്തിന്റെ, അടിസ്ഥാനത്തിൽ ഒരു നിശ്ചിത ശതമാനം സർക്കാർ അവർക്ക് സ്കോളർഷിപ്പ് ആയി നൽകുക.രാജ്യത്തിനകത്ത് തന്നെ മതിയായ പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും പല പുതുമുഖ ഇന്ത്യൻ താരങ്ങളുടെയും പുനർജന്മത്തിന് കാരണമാകും.ക്രിക്കറ്റ് ഫുട്ബോള് പോലെതന്നെ മഹത്തായ ആരാധന പിന്തുണയും പിൻതുണ നൽകുന്നതും ഇവരെ മുന്നോട്ടു നയിക്കും.സമ്പത്തും കഴിവും കൂടിക്കലർന്ന സെലക്ഷൻ സമ്പ്രദായം ഒഴിവാക്കി വെറും കഴിവിനെ അടിസ്ഥാനത്തിൽ മാത്രം താരങ്ങളെ തെരഞ്ഞെടുക്കാൻ ഉതകുന്ന രീതിയിലേക്ക് വ്യവസ്ഥകളെ മാറ്റിമറിക്കുക.ഭരണാധികാരികൾക്കും ഭരണീയർ നമുക്കും ഒത്തൊരുമിച്ച് കൈകൾ കോർക്കാം ഇനി വരുന്ന ഒളിമ്പിക്സ് മാമാങ്കത്തിൽ ഇന്ത്യൻ കുതിപ്പിന് കരുത്തേകാനായി ......

1 comment: