ഇസ്‌ലാമോഫോബിയ; പരിണാമം, പരിഹാരം
ഇസ്‌ലാമിനെ തരം താഴ്ത്താൻ വേണ്ടി, താറടിക്കാൻ വേണ്ടി ലോകവ്യാപകമായി പ്രയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാധ്യമനിർമിത പദങ്ങളാണ് ഇസ്‌ലാമോഫോബിയ, ലൗ ജിഹാദ് തുടങ്ങിയവ.
പേരിന് പിന്നിൽ:
ഇസ്ലാം, ലാറ്റിൻ ഭാഷയിലെ വ്യഞ്ജനാക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന "0", ലാറ്റിൻ ഭാഷയിലെത്തന്നെ, ഫോബിയ, [phobia] എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ഇസ്‌ലാമോഫോബിയ എന്ന പദം രൂപം കൊണ്ടിട്ടുള്ളത്.
നൈട്രോഫോബിയ, എന്നാൽ രാത്രിയെ പേടി. ഹൈഡ്രോഫോബിയ എന്ന് പറഞ്ഞാൽ വെള്ളത്തെ പേടി. അതായത്, ഇസ്‌ലാമിനോടും മുസ്ലിംകളോടും കാണിക്കുന്ന വിവേചനത്തിന്റെ ഒരു പുതിയ രൂപം.
ഉത്ഭവം:
1980 ന്റെ അവസാനത്തിലാണ് ഇങ്ങനെ ഒരു പദം രൂപം കൊള്ളുന്നതെങ്കിലും, 2001 സെപ്തബർ 11 നുണ്ടായ ട്രേഡ് സെന്റർ അക്രമണത്തിന് ശേഷമാണ് ഇതൊരു പൊതുപദമായി ലോകമാകെ പ്രചാരം നേടിയത്.
2001 സെപ്റ്റംബർ 11 ന് അൽ-ഖാഇദ ഭീകരർ രണ്ട് യാത്രാവിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും യു.എസ് സൈനിക കേന്ദ്രം പെന്റഗണും ഇടിച്ച് തകർത്തു. സെപ്റ്റംബർ 13 ന് ഈ അക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി അമേരിക്കയുടെ തന്നെ നിർമിതിയായ അൽ-ഖാഇദ തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാവും FBT യുടെ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദിയുമായിരുന്ന ഉസാമ ബിൻ ലാദനെ യു.എസ് പ്രഖ്യാപിച്ചു. ഈ ഭീകരാക്രമണത്തിലൂടെ തന്നെയാണ് ഉസാമ ബിൻ ലാദൻ കുപ്രസിദ്ധി നേടുകയും പിന്നീടവിടന്നങ്ങോട്ട് ഇസ്‌ലാമിനെ പലരും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന, മതമായാണ് കണ്ടത്.
മാധ്യമ പങ്കും ആഗോളീകരണവും
ഇസ്‌ലാമോഫോബിയ എന്ന പദം തന്നെ മാധ്യമ നിർമിതിയായിരിക്കെ, അതിനെ വളർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലുമുള്ള മാധ്യമങ്ങളുടെ പങ്ക് ഊഹിക്കാവുന്നതേയുള്ളൂ. എൻസൈക്ലോപീഡിയ ഓഫ് റൈസ് ആന്റ് എത്‌നിക് സ്റ്റഡീസിൽ എലിസബത് പൂൾ, ഇസ്ലാമോഫോബിയയെ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളെ വിമർശിക്കുന്നുണ്ട്.
ഇന്ന് ഒരു മുസ്ലിം ഒരു തെറ്റ് ചെയ്‌താൽ, അവൻ തീവ്രവാദി അല്ലെങ്കിൽ ഭീകരവാദി. കൂടെ അവന്റെ സമൂഹവും.. അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതോ അവന്റെ മതവും... ഇനി ഒരു അമുസ്ലിമാണ് തെറ്റ് ചെയ്യുന്നതെങ്കിലോ അവനും തീവ്രവാദി, എന്നാലോ അവനെ തെറ്റിലേക്ക് നയിക്കുന്നത് അവന്റെ സമൂഹമോ, അവന്റെ മതമോ അല്ല. അവന്റെ ഇച്ഛയാണ് പോലും.. ചിലപ്പോൾ അവൻ മാനസികരോഗിയുമായിരിക്കാം.. ഇതാണ് സമകാലിക ട്രെന്റ്. ഇത്തരമൊരു മനോഭാവം പൊതുജനങ്ങളിൽ രൂപപ്പെടുത്താൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ പ്രവർത്തികൾ അടിസ്ഥാനമാക്കി മതത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും മൂല്യങ്ങളെയും വിലയിരുത്തുന്നത് ഉചിതമല്ല.
പലയിടത്തും പലതരത്തിലാണ് ഇസ്ലാമോഫോബിയയുടെ നിലനിൽപ്പ്, ചൈനയിൽ മുസ്ലിംകളെ പീഡിപ്പിക്കാനും, അവരുടെ അവകാശങ്ങളെ നിസ്സാരമാക്കിത്തള്ളിക്കളയാനും മാത്രമായി സ്ഥാപിതമായ ഉഴുകൂർ തടങ്കൽ പാളയത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ ഈയടുത്താണല്ലോ പുറത്ത് വന്നത്. ചൈനയുടെത്തന്നെ ഭരണഘടനയെ ലംഘിക്കുന്നതാണ് ഈ ക്യാമ്പ്.
ഇന്ന് പല രാജ്യങ്ങളിലും ഹിജാബ് നിരോധിച്ചിരിക്കുന്നു. മുസ്‌ലിംകൾക്ക് അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, നമ്മുടെ രാജ്യമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കേളികേട്ട ഏകാധിപധികളാൽ ഭരിക്കപ്പെടുന്ന ഇന്ത്യ തന്നെ മതി ഇതിനുദാഹരണമായി... ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളെ ആവും വിധം ചൂഷണം ചെയ്യുന്നവരാണ് ഇന്നത്തെ ഭരണകർത്താക്കൾ. CAA, NRC പ്രശ്നങ്ങൾക്കിടയിലും ഉയർന്ന് വന്നിരുന്ന ഇസ്‌ലാമോഫോബിയ ഈയടുത്ത് കൊറോണ പ്രതിസന്ധികൾക്കിടയിൽ മുസ്‌ലിംകളായിട്ടുള്ള തബ്‌ലീഗ്കാരുടെ സംഗമവും തുടർന്നുണ്ടായ പ്രശ്നങ്ങളും പ്രകോപനങ്ങളും, ആയിടക്ക് തന്നെയുണ്ടായ കുംഭമേളയും അതിനെ തുടർന്ന് വന്ന പല ന്യായീകരണങ്ങളും കേട്ടാൽ മനസ്സിലാവും, ഇസ്ലാമോഫോബിയ ഇന്ത്യയിൽ എത്രത്തോളം വേരുറച്ചിട്ടുണ്ടെന്ന്.
പരിഹാരം:
ഇസ്‌ലാമിനെ കഴിയും വിധം നിസ്സാരവത്കരിക്കാൻ ശ്രമിക്കുന്ന നീചരും നികൃഷ്ടരുമായ ഇത്തരം ആളുകൾക്കിടയിലും, ഇസ്‌ലാമിനെ കൃത്യമായി പഠിച്ചു മനസ്സിലാക്കി, അതിന്റെ ആശയങ്ങളെ നല്ല രീതിയിൽ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്ന സുമനസുകളും കുറവല്ല.
ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാമിന് അസൂയാലുക്കൾ ഏറെയാണ്.അവർ യഥാർത്ഥ ഇസ്‌ലാമിനെ മനസ്സിലാക്കുന്നില്ല. എവിടെ നിന്നോ കേട്ട, ഇസ്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, എന്ന നിരർത്ഥക മുദ്രാവാക്യങ്ങളെ അവർ ഉയർത്തിക്കാട്ടുന്നു, അതിനെ അവർ കൂട്ട്പിടിക്കുന്നു. ഇത്തരക്കാരോട് പറയാനുള്ളത്, വിശുദ്ധ ഖുർആൻ പറയുന്നത് പോലെ, യാത്ര ചെയ്യുക, പല നാടുകളിലൂടെ, പല ദേശങ്ങളിലൂടെ, അങ്ങനെ ലോകത്തിന്റെ വിശാലതയിലേക്ക് നീങ്ങുക. അപ്പോൾ മനസ്സിലാകും ഇസ്ലാമെവിടെ കിടക്കുന്നു, ഭീകരവാദമെവിടെ കിടക്കുന്നു എന്ന്.
ഇക്കാലത്ത് ഇസ്‌ലാമോഫോബിയയൊക്കെ ഒരു പരിധി വരെ ശമിപ്പിക്കാൻ നമ്മുടെ മുമ്പിലുള്ള ഏറ്റവും സമ്പൂർണ്ണമായ മാർഗം എന്നുള്ളത് സോഷ്യൽമീഡിയകളിലൂടെയുള്ള സക്രിയമായ ഇടപെടലുകളാണ്. അതിലൂടെ ഓരോ ഇസ്ലാം മതവിശ്വാസിയുടെയും തൂലിക ചലിച്ചുകൊണ്ടേയിരിക്കണം. ഇത്തരം ഫോബിയകളെ ആവും വിധം തടുത്തു നിർത്താൻ...
സോഷ്യൽ മീഡിയകളിലൂടെ തിന്മക്ക് കൂട്ട്നിൽക്കുന്നവർ ഇസ്ലാമോഫോബിയയെ ഇത്രത്തോളം ലോകവ്യാപകമാക്കാൻ കഴിഞ്ഞു എങ്കിൽ, എന്ത്കൊണ്ട് ആ സോഷ്യൽ മീഡിയകളിലൂടെ തന്നെ നന്മക്ക് കൂട്ട്നിൽക്കുന്ന നമുക്ക് ഇതിന്റെ പിന്നിലുള്ള തെറ്റിദ്ധാരണകളെയും ഇസ്ലാമിന്റെ യഥാർത്ഥ ആശയത്തെയും വ്യാപിപ്പിച്ചു കൂടാ..?
✍ റഷീഖ. പി.
കാലിക പ്രസക്തം,
ReplyDeleteകൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.