Followers

Monday, September 20, 2021

ബിഷപ്പുമാരുടെ ജിഹാദി കഥകൾ

ബിഷപ്പുമാരുടെ ജിഹാദി കഥകൾ


'മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതക്കരുത്, മത നേതാക്കളുടെ നാക്കില്‍ നിന്നും ഭിന്നിപ്പിന്റെ സ്വരം ഉണ്ടാവരുത്, സമാധാനവും ഐക്യവുമാണ് ഉദ്‌ബോധിപ്പിക്കേണ്ടത്, അന്യന്റെ വിദ്വേഷം പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് വിശ്വാസികള്‍ സംഘടിക്കേണ്ടത്.' ക്രിസ്തുമതസ്ഥര്‍ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന പോപ് ഫ്രാന്‍സിസിന്റെ വാക്കുകളാണിവ. വിശ്വാസികളെ അണിനിരത്തുകയും അടിയുറപ്പിക്കുകയും ചെയ്യുന്ന ബഹുമാന്യ ബിഷപ്പുമാര്‍ തന്നെ പോപ്പിന്റെ വാക്കുകള്‍ക്ക് നേര്‍ വിരുദ്ധം ചെയ്യുന്നത് കാണുമ്പോള്‍ അരോചകം തോന്നുന്നു. വര്‍ഗീയ ശക്തികള്‍ ആദ്യമെ പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യം വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢ പദ്ധതികളുടെ ഭാഗമാണെന്ന് വിളിച്ചറിയിക്കേണ്ടതില്ലല്ലോ. വിഭാഗീയതയുണ്ടാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയതിനേക്കാള്‍ ദുഖകരം കുറെ ഇതര സമുദായ സംഘടനകളും മതേതരമെന്ന് കരുതിയിരുന്ന രാഷ്ട്രീയ നേതാക്കളും അയാള്‍ക്ക് ഓശാന പാടാനും താങ്ങിപ്പിടിച്ച് വീട്ടില്‍ സന്ദര്‍ശനം നടത്താനും ഉണ്ടായി എന്നതാണ്. മതേതര രാജ്യത്ത് മതകീയ പ്രശ്‌നങ്ങള്‍ക്ക് ഒരൊറ്റ മത നേതാക്കളോട് മാത്രം സംസാരിച്ച് മറുപക്ഷത്തെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും മാത്രം ചുരുക്കുകയാണെങ്കില്‍ മതേതരമെന്ന വാക്ക് നമ്മുടെ രാജ്യത്തിന് വെറും അലങ്കാരമായി മാത്രം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഭീതിയോടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

       ഇതര മതസ്ഥരോട് സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും കഴിയുകയും അവരോട് മോശമായി പെരുമാറരുതെന്നും ഖുര്‍ആന്‍ വളരെ സുവ്യക്തമായി പറഞ്ഞ് വെച്ചതാണ്. ഖുര്‍ആന്‍ പറയുന്ന ആഹ്വാനങ്ങളെ ഏതെങ്കിലും പരിഭാഷയില്‍ നിന്ന് വായിച്ച് തങ്ങള്‍ക്ക് മനസ്സിലായതാണ് ഇസ്ലാമിക വിശ്വാസമെന്ന് പ്രഖ്യാപിച്ച് കള്ളപ്രചരണം വലിയ അളവില്‍ നടന്നു കൊണ്ടിരിക്കുന്നു. ആദ്യം മുസ്ലിം മതപണ്ഡിതരെ ശ്രവിക്കുകയും അവര്‍ ഇസ്ലാമിലെ ജിഹാദ് പോലുള്ള ആശയങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയുകയുമാണ് നടക്കേണ്ടത്. ഇസ്ലാമില്‍ ഒരാള്‍ വിശ്വാസിയായി പരിഗണിക്കപ്പെടണമെങ്കില്‍ അല്ലാഹുവിനെ ബോധ്യപ്പെട്ട് മനസ്സില്‍ ഉറച്ച വിശ്വാസത്തോടെ ശഹാദത് ഉച്ചരിക്കലാണ് വേണ്ടതെന്ന് ഏത് മുസ്ലിം കുട്ടിക്കുമറിയാം. പ്രണയത്തിന് വേണ്ടി ഒരാള്‍ മുസ്ലിമായാല്‍ ആ വിശ്വാസം പരിഗണിക്കപ്പെടുന്നുതന്നെയില്ല. ഈ വിശ്വാസമുള്ള ആളുകള്‍ തന്നെ പ്രണയം നടിച്ച് മുസ്ലിമാക്കുന്നെങ്കില്‍ വലിയ തമാശ തന്നെ.

  അല്പം വര്‍ഷങ്ങള്‍ക്ക് മുന്നെ എഴുന്നള്ളിക്കപ്പെട്ടിരുന്ന ലൗ ജിഹാദ് കോടതികളില്‍ തന്നെ നിഷേധിക്കപ്പെട്ടതാണ്. പോരാത്തതിന് മുസ്ലിംകള്‍ വിശുദ്ധമായി കാണുന്ന ജിഹാദ് അഥവാ ജീവിതത്തില്‍ നന്മക്ക് വേണ്ടിയുള്ള പോരാട്ടം എന്ന വാക്കിനെ വാക്കിന്റെ അര്‍ഥവുമായി ഒരര്‍ഥത്തില്‍ പോലും സത്യസന്ധത പുലര്‍ത്താത്ത പ്രണയിച്ച് മതപരിവര്‍ത്തനം നടത്തുക എന്ന ആശയത്തോട് കൂട്ടിക്കെട്ടുന്നത് എന്തുമാത്രം അശ്ലീലമാണ്. ഇപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഒരു ക്രിസ്ത്യന്‍ ഫാദര്‍ ആരോപിച്ച നാര്‍ക്കോട്ടിക്, കള്ള് ജിഹാദ് എന്നിവ കേള്‍ക്കുമ്പോള്‍ ഇസ്ലാമിന്റെ ആദ്യപാഠമറിയുന്നവര്‍ കുലുങ്ങി ചിരിച്ചേക്കും, അത്രയ്ക്കും അസംബന്ധമായ വാക്ക് നിര്‍മാണമല്ലെ അത്. 

പൂര്‍ണ്ണമായി മത നിയമങ്ങളെ അനുസരിക്കാത്തവര്‍ എല്ലാ മതത്തിലുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആരെങ്കിലും ചെയ്യുന്ന തിന്മകളെ മുഴുവന്‍ എടുത്ത് മുസ്ലിം നാമകാരിയാണെങ്കിൽ അവയെ ഇസ്ലാമിന്റെ പേരിലും എല്ലാ മുസ്ലിംകളുടെ പേരിലും കൊണ്ടിടുന്നത് എന്ത് വലിയ അതിക്രമമാണ്. സഹവര്‍ത്തിത്വവും സഹിഷ്ണുതയും ഓതേണ്ടുന്ന ക്രിസ്തുമത നേതാക്കളില്‍ ചിലര്‍ തന്നെ ഒട്ടും അടിസ്ഥാനമില്ലാത്ത പൊള്ള വാക്കുകള്‍ പാകുന്നത് എവിടേക്കായിരിക്കും സമൂഹത്തെ എത്തിക്കുക. മത ചിന്താ വ്യത്യസ്തത മനസ്സിലാക്കി വീഭാഗീയത അരുതെന്നത് നിയമങ്ങള്‍ക്ക് പുറമെ ഓരോ മതനേതാക്കളും വിശ്വാസികളെ നിരന്തരം ഉണര്‍ത്തുകയാണല്ലോ വേണ്ടത്. അപ്പോള്‍ മാത്രമല്ലെ രാജ്യവും ജനങ്ങളും മതങ്ങളും ഒന്നിച്ച് കഴിയുന്ന നന്മയുള്ള രാഷ്ട്രം രൂപപ്പെടൂ.

    ലൗ ജിഹാദിനോടൊപ്പം ലഹരി ജിഹാദും കൂടി കണ്ടെത്തുകയും ആദ്യമേ എഴുതിവെക്കപ്പെട്ട സന്ദേശക്കുറിപ്പിലൂടെ തന്റെ പ്രസംഗം നടത്തി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തില്‍ നിര്‍ത്താന്‍ ശ്രമിച്ച പാലാ ബിഷപ്പ് മാപ്പ് പറയുകയാണിനി വേണ്ടത്. വിഷയ ഗൗരവം മനസ്സിലാക്കതെ അബദ്ധം പറ്റിയതാണെങ്കില്‍ പിന്‍വലിക്കാനുള്ള കരുത്ത് കാണിക്കണം. ഇതിനിടയില്‍ വര്‍ഗീയ രാഷ്ട്രീയ കക്ഷികളുടെ ഒത്തു ചേരൽ കൂടെ കാണുമ്പോള്‍ ഇത് മനപ്പൂര്‍വ്വം ഇസ്ലാം വിരോധത്താലും വിദ്വേശം പടര്‍ത്താനുള്ള ഗൂഢാലോചനയുമാണെന്ന് പറയാതെ വയ്യ.

        ഇസ്‌ലാമിൽ നിന്നും കണക്കിന് സ്ത്രീകൾ ലൗ മാര്യേജിന് വേണ്ടി മതം മാറിയിട്ടുണ്ടല്ലോ.! അപ്പോൾ എല്ലാ മതങ്ങളിലും സജീവമായി നടക്കുന്ന ഒരു പ്രകിയ, പക്ഷെ ജിഹാദ് എന്ന പദം മോഷ്ടിച്ച് ഇസ്ലാമിനെ പ്രതിയാക്കുന്നുവെന്ന് മാത്രം...!!



Sunday, September 12, 2021

സ്ത്രീ; ഇസ്‌ലാമിന്റെ അമൂല്യ രത്നം

സ്ത്രീ; ഇസ്‌ലാമിന്റെ അമൂല്യ രത്നം


സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ(സ) കല്പ്പിക്കുന്നു. ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്ടെന്ന് ബോധ്യമായത്.ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്ന സുരക്ഷാവലയങ്ങളെ മറികടന്നുള്ള ദുഷ്-ചൈതികളാണ് ഈ ആധുനിക ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്നത്.സ്ത്രീകളെ വെറും കളിപ്പാട്ടമായാണ് സമൂഹം കണക്കാക്കുന്നത്.സ്ത്രീകൾക്ക് ഇസ്‌ലാം മതത്തിലുള്ള വിശുദ്ധിയെ കുറിച്ചൊന്ന് പരിശോധിക്കാം.....

വിജ്ഞാന വേദിയിലെ സ്ത്രീ സാന്നിധ്യം

നബി(സ്വ) യുടെ കാലത്ത് പഠന വേദികളിൽ പുരുഷന്മാരുടെ കൂടെ തന്നെ സ്ത്രീകളും പങ്കെടുത്തിരുന്നു.ഇരുകൂട്ടർക്കും നബി(സ്വ) ഒരു പോലെ വിദ്യ വിളമ്പുമായിരുന്നു.ഇതിന് തെളിവായി ചില ഹദീസുകളും കാണാം.. ഒരിക്കൽ ആമിനുബ്നു ശുറഹ്ബീൽ(റ) ഫാത്വിമ ബിൻത് ഖൈസിനോട് ചോദിച്ചു:"നിങ്ങൾ നബി(സ്വ)യിൽ നിന്നും നേരിട്ട് കേട്ട വല്ല ഹദീസുകളും ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ".മഹതി പറഞ്ഞു:"നിങ്ങളെങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ പറഞ്ഞുതരാം."അതെ" ആമിർ (റ) പ്രതികരിച്ചു.എന്നിട്ട് മഹതി സുദീർഘമായ ഒരു ഹദീസ് പങ്കുവെക്കുകയുണ്ടായി.
ഇത്തരം ഹദീസുകളിൽ നിന്ന് നബിയുടെ കാലത്ത് പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകളും വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തിരുന്നുവെന്ന് മനസ്സിലാക്കാം.ഇതെല്ലാം നബി(സ്വ)പൂർണ്ണ താത്പര്യത്തോടെയും പ്രോത്സാഹനത്തോടെയുമാണ് സ്വീകരിച്ചത്.എല്ലാ മുസ്ലിങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന് ലോക പ്രവാചകൻ മുഹമ്മദ് (സ്വ) പറഞ്ഞതുപോലെ: ഓരോ മുസ്ലിമും അത് ആണോ പെണ്ണോ ആയിരിക്കട്ടെ അവർ അറിവുള്ളവർ ആയിരിക്കണം. വിദ്യാഭ്യാസം നേടുന്നതിൽ രണ്ട് ലിഗക്കാരും തുല്യരാണ്. വിദ്യാഭ്യാസത്തെ ഇസ്ലാം പിന്തുണയ്ക്കുന്നില്ലെന്ന ആരോപണവുമായി ചില പുത്തൻ വാദികൾ ഉണ്ട്. അവരിൽ നാം ഉറച്ചുപോവരുത്.സ്ത്രീ വിദ്യാഭ്യാസത്തെ ഇസ്‌ലാം ഒരിക്കലും വിലക്കുന്നില്ല.വിജ്ഞാനം  സമ്പാദിക്കണം എന്ന് തന്നെയാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. സംശുദ്ധമായ ഇസ്ലാമിനൻ്റെ സംസ്കാരത്തെയും മത വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.മതപരമായ അറിവുകളും ഇസ്‌ലാമിൻ്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഭൗതികവിദ്യാഭ്യാസം കരസ്ഥമാക്കലും ഇക്കാലത്ത് ഏതൊരു മുസ്‌ലിമിനും  ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്.സ്ത്രീ വിദ്യാസമ്പന്ന ആയാലേ കുടുംബ സംസ്കരണത്തിനും, സമൂഹ നിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സാധ്യമാകൂ.

തൊഴിൽ മേഖലയിലെ സ്ത്രീ സാന്നിധ്യം

ഇസ്‌ലാമിക ചരിത്രത്തിൽ ഒരിക്കലും തൊഴിൽ മേഖല പുരുഷന്മാർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതല്ല. സ്ത്രീകൾക്കും അവരുടെ ചട്ടങ്ങളും ചിട്ടകളും നിയമങ്ങളും പാലിച്ച് ജോലി ചെയ്യുന്നതിന് ഇസ്ലാം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെ ചരിത്രം പരിശോധിച്ചാൽ അന്നു തന്നെ നിരവധി സ്ത്രീ തൊഴിലാളികൾ ഉണ്ടെന്ന് മനസ്സിലാക്കാം.സമൂഹത്തിന്റെ ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്സാണല്ലോ വ്യാപാരവും കച്ചവടവും.കച്ചവട രംഗത്തെ ആദ്യ മുസ്ലിം സാന്നിധ്യം ഒരു സ്ത്രീയുടേതായിരുന്നു.മക്കയിലെ കുലീന കുടുംബത്തിലെ അംഗവും പ്രവാചക തിരുമേനിയുടെ പത്നിയുമായ മഹതി ഖദീജ (റ). അധ്യാപക മേഖലയിലും മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം പ്രധാനമായിരുന്നു.നബിയുടെ സഹധർമ്മിണി ആഇശ(റ) ക്ക് മുസ്‌ലിം സമൂഹത്തിൽ വലിയ വൈജ്ഞാനിക സ്വാധീനമാണ് ഉണ്ടായിരുന്നത്.രാഷ്ട്രീയം, യുദ്ധം, അധ്യാപനം, നിയമം തുടങ്ങിയ ജീവിതത്തിന്റെ നിർണായ മേഖലകളിൽ തിളങ്ങി നിന്ന അപൂർവ്വ വ്യക്തിത്വമാണ് ആഇശ (റ). നഴ്സിങ് ജോലിയും അക്കാലത്ത് നിലനിന്നിരുന്നതായിരുന്ന.മദീനയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ച റുഫൈദക്ക് വൈദ്യനായ പിതാവ് സഅ്ദിൽ നിന്നും മികച്ച നഴ്സിങ് പരിശീലനം ലഭിച്ചു.അക്കാലത്ത് മുറിവ് വെച്ച് കെട്ടാനും മറ്റും നന്നായി അഭ്യസിച്ചവളാണ് റുഫൈദ.
ഈ കാലത്ത് നിലനിൽക്കുന്ന അധ്യാപനം, നഴ്സിങ് ,കച്ചവടം, രാഷ്ട്രീയം തുടങ്ങി പല മേഖലകളിലായി നബി (സ്വ) യുടെ കാലത്ത് മുസ്‌ലിം സ്ത്രീകൾ പ്രവർത്തിച്ചിരുന്നുവെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.യുദ്ധങ്ങളിൽ പുരുഷന്മാരെ ശുശ്രൂഷിച്ചും മറ്റു സേവനങ്ങൾ ചെയ്തും ആവശ്യ ഘട്ടത്തിൽ സ്വയം പ്രതിരോധിച്ചും സ്ത്രീകൾ പങ്കെടുത്തിരുന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണല്ലോ... തൊഴിൽമേഖലയിൽ നബി(സ്വ)സ്ത്രീകൾക്ക് നൽകിയ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട്.സഹ് ലു സഅ്ദ് (റ) പറയുന്നു: നബി(സ്വ)അടുത്തേക്ക് ഒരു സഹോദരി പുതപ്പുമായി വന്നു പറഞ്ഞു :ഇത് ഞാൻ എന്റെ കൈകൊണ്ട് തുന്നിയതാണ്. അങ്ങനയ ധരിപ്പിക്കട്ടെയോ." നബി(സ്വ)തങ്ങൾ താൽപര്യത്തോടെ അത് വാങ്ങുകയും തുണി ആയി ധരിക്കുകയും ചെയ്തു. മറ്റൊരു ഹദീസിൽ പറയുന്നു:ഇബ്നു മസ്ഊദിന്റെ ഭാര്യ നബിയോട് വന്ന് ചോദിച്ചു:എനിക്കും  ഭർത്താവിനും മക്കൾക്കും വേണ്ടി ഞാൻ എന്തെങ്കിലും പണിയെടുത്തു ചിലവഴിക്കാമോ? നബി (സ്വ) തങ്ങൾ പറഞ്ഞു:അതെ, നിങ്ങൾ ചെലവഴിച്ചതിൻറെ പ്രതിഫലം നിങ്ങൾക്കുണ്ടാകും.
 ഇത്തരം നിരവധി ഹദീസുകളുടെയും മറ്റും നമുക്ക് മനസ്സിലാക്കാം ഇസ്‌ലാം  പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും വ്യത്യസ്തമായ തൊഴിലുകളും ജോലികളും ചെയ്ത് ജീവിക്കാൻ ഉള്ള വഴികൾ തുല്യമായി തുറന്നു കൊടുത്തിരിക്കുന്നു.

സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന ആധുനിക കാലം

 സ്ത്രീകളെയും പുരുഷന്മാരെയും വിവേചിക്കാതെ ഒന്നിച്ചു കാണുന്ന പ്രകൃതമാണ് ആധുനികലോകത്തിന്. ഇതിലൂടെ സ്ത്രീകൾ നേരിടുന്ന അനീതിയിൽ നിന്നും അവകാശധ്വംസനത്തിൽ നിന്നും അവരെ രക്ഷിക്കാനാകും എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ വാദം. അമേരിക്കൻ പോലെയുള്ള പാശ്ചാത്യനാടുകളിൽ സ്ത്രീകളുടെ ബാല്യകാലം തീരുന്നതോടെ അവർ സമൂഹത്തിൽ ഒറ്റപ്പെട്ടവരായി മാറുന്നു. സ്ത്രീകൾക്ക് അവരുടെ മാനുഷികമായ അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുണ്ടോ? അവർക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടോ? ഇല്ല... എന്നും ക്രൂരതകളും പീഡനങ്ങളും നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഇസ്ലാം അനാഥരെ സംരക്ഷിക്കുന്നു.അനാഥരാക്കുന്നവരെ കൂട്ടുപിടിക്കുന്നില്ല.പശ്ചാത്യൻ രാജ്യങ്ങളിൽ ഭൂരിഭാഗം സ്ത്രീകളും ബലഹീനരും അപലന്മാരുമായി അനാഥരായി കഴിയുകയാണ്. അവർക്ക് വേണ്ടി നിരവധി അഭയകേന്ദ്രങ്ങൾ നിർമ്മിച്ചു നൽകി.പക്ഷേ ഇവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനോ വിഷമങ്ങളും ചോദിച്ചറിയാൻ അഗതിമന്ദിരങ്ങൾക്കാകുമോ? അവർക്ക് ആശ്വാസമേകാൻ അഗതിമന്ദിരങ്ങൾക്കാവുമോ?

 ഇസ്ലാമിക രീതിയിൽ വയോവൃദ്ധർക്കും പ്രായം ചെന്നവർക്കും അഗതിമന്ദിരം നിർമ്മിച്ചു നൽകുകയല്ല. അവരുടെ ശ്രേഷ്ഠതയും വിശുദ്ധിയും വർദ്ധിക്കുകയാണ്.സ്ത്രീകൾ  സഹോദരിമാരാണ്. സ്നേഹവും സംരക്ഷണവുമാണ് അവർക്കാവശ്യം. അവരുടെ വ്യക്തിത്വം ആദരിക്കപ്പെടേണ്ടതാണ്.അവര അപമാനിക്കരുത്.അവർ നമ്മുടെ അഭിമാനമാണ്. അവരോടെ മൃദുത്വം പാലിക്കണം.മൃദുത്വത്തെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. പുരുഷൻറെ അടിച്ചമർത്തലുകൾക്ക്  വിധേയമാകേണ്ടവളാണ് സ്ത്രീ എന്ന അപരിഷ്കൃത യുഗങ്ങളിലെ കാഴ്ചപ്പാടുകൾ തിരുത്തപ്പെടേണ്ടതാണ്.

Thursday, September 2, 2021

ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ സംരക്ഷിക്കപ്പെടുന്നതാര് ?

ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ  സംരക്ഷിക്കപ്പെടുന്നതാര്  ?


മലബാർ സമരത്തിൽ ജീവത്യാഗം സഹിച്ച 387 പേരെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഘോരഘോരമായ ചർച്ചകളും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുപൊങ്ങി കൊണ്ടിരിക്കുകയാണ്. ഹാഷ്ടാഗുകൾ ഇറക്കി സോഷ്യൽ മീഡിയയിലും മറ്റും ആയി പ്രതിഷേധമിരമ്പി. ഒന്നാറി തണുക്കുന്നതിനു മുന്നേ വാഗൺ ട്രാജഡിയിൽ രക്തസാക്ഷികൾ ആയവർ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്ന് സ്ഥിതീകരണവുമായി വീണ്ടും കേന്ദ്രം മുന്നോട്ടുവന്നു. അവർ രക്തസാക്ഷികൾ ആണ് പക്ഷേ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്നാണ് ന്യായം. യഥാർത്ഥത്തിൽ ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുമ്പൾ ആരാണ് സംരക്ഷിക്കപ്പെടുന്നത്?. ഭീരുത്വമാണ് സംരക്ഷിക്കപ്പെടുന്നത് . സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളായ മലബാർ സമര പോരാളികൾ മതഭ്രാന്തൻമാരായിരുന്നുവെന്ന് ആർ.എസ്.എസ് നിലപാടെടുക്കുമ്പോൾ  യഥാർത്ഥ മതഭ്രാന്തൻമാരെ കണ്ടെടുക്കാനുള്ള എളുപ്പവഴിയാണ് തുറന്നു തരുന്നത്. 1921 ലെ മലബാർ സമരം സ്വാതന്ത്ര സമരത്തിന്റെ ഭാഗമെല്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ മുന്നേറ്റമായിരുന്നുവെന്നുമാണല്ലോ  പട്ടികയിൽ നിന്നൊഴിവാക്കാനുള്ള കാരണം. ഇപ്പോൾ  ജീവത്യാഗം സഹിച്ച്  ബ്രിട്ടിഷ്കാർക്കെതിരേ പോരാടിയതെല്ലാം വെറും മതപരിവർത്തന ലക്ഷ്യങ്ങളായി ഒതുങ്ങി.
മലബാർ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളൊന്നും ദേശിയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നുമാണ് സമിതിയുടെ പ്രസ്താവന.

 പ്രധാനികളായ വാരിയൻ കുന്നനും ആലി മുസ്ലിയാരും

ഈ 387 പേരിൽ പ്രധാനപ്പെട്ടവരാണ് വാരിയൻകുന്നനും ആലി മുസ്ലിയാരും.അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയാരുടെ പേര്.അതിന്റെ അർത്ഥം ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിരോധി എന്നത് തന്നെയായിരുന്നു   ഈ സ്വകാര്യപ്പേര് അന്ദേഹത്തിന് ലഭിച്ചതെന്നതിൽ ഒരു സംശയവുമില്ല.അബ്ദുള്ളകുട്ടിഹാജിയുൾപ്പടെകുഞ്ഞഹമ്മതാജിയുടെമാതാ പിതാക്കളുടേയും സഹോദരീ ഭർത്താക്കന്മാരുടേയും കുടുംബങ്ങൾ വിപ്ലവകാരികളായിരുന്നുവെന്ന് ബ്രിട്ടീഷ് സൈനിക മേധാവി ഹിച്ച്കോക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്.

മലപ്പുറത്ത് അസി.പോലീസ് സുപ്രണ്ടായിരുന്ന റോബർട്ട് ഹിച്ച്കോക്ക്
(CI-E,MBE)1913ൽ തെക്കേ മലബാർ പോലീസ് സുപ്രണ്ടായി ചാർജെടുത്തു.മാപ്പിള താലൂക്കുകളിൽ സമാധാനം നിലനിർത്തുന്നതിലും മാപ്പിളമാരേ മെരുക്കുന്നതിലും പ്രതേക സ്ഥാനക്കയറ്റം ലഭിച്ച ഹിച്ച്കോക്ക് പോലീസ് സേന പുന:സംഘടിപ്പിച്ചു.ജില്ലയിലുണ്ടായിരുന്ന 65 പോലീസ് ഓഫീസർമാരിലുണ്ടായിരുന്ന 5 പേര് എന്നുള്ളത് അദ്ദേഹം  10 ആക്കി ഉയർത്തി.1915 ൽ  അന്നത്തെ മലബാർ കലക്ടറായിരുന്ന സി.എ ഇന്നിസിനെ പാണ്ടിക്കാടിനും അലനല്ലമിനുമിടയിൽ വെച്ച് ആരോ വധിക്കാൻ ശ്രമിച്ചൊരു കേസുണ്ടായി.ഇതിൽ കുഞ്ഞഹമ്മതാജിയുടെ പങ്കുണ്ടെന്ന് ആരോപണമുയർന്നു.കരുവാരക്കുണ്ടിൽ  ഏതോ ഒരാൾക്ക് ലഭിച്ച അറബി മലയാളത്തിലെഴുതിയ ഒരു ഊമക്കത്ത് ഇതിനു തെളിവായി പോലീസ് പിടിച്ചെടുത്തു.ഈ കത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയതാണെന്നാണ് പോലീസ് കരുതിയിരുന്നത്.

ഇതിനെ തുടർന്ന് കുഞ്ഞഹമ്മദാജിയെ ചോദ്യം ചെയ്യണമെന്നായി പോലീസുദ്യോഗസ്ഥന്മാരടെ ആവശ്യം .ഹാജി ഒളിവിലായി. വിഷമത്തിലായ ഹാജി മലപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ഡി.എസ്. പി. ഹിച്ച്കോക്കിന്റെ ബംഗ്ലാവിലേക്ക് രണ്ടും കൽപ്പിച്ച് കയറിചെന്നു. സെക്യൂരിറ്റി ഗാർഡിനോട് തന്റെ പേരും വിലാസവും എഴുതിക്കൊടുത്ത് എസ്.പി. യെ കാണണമെന്നാവശ്യപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് ധാരാളം കേൾക്കുകയും കീഴുദ്യോഗസ്ഥന്മാരുടെ ഹാജിയെ സംബന്ധിക്കുന്ന വിവിധതരം റിപ്പോർട്ടുകൾ വായിക്കുകയും ചെയ്ത ഹിച്ച്കോക്കിന് ഹാജി കാണാൻ ചെന്നത് ഇഷ്ടപ്പെട്ടു. വിളിപ്പിച്ച് മാന്യമായ പെരുമാറ്റം കണ്ടപ്പോൾ ഹിച്ച്കോക്കിനെ സംബന്ധിച്ച് പറഞ്ഞുകേട്ടതൊന്നും ശരിയല്ലെന്ന്  തോന്നിത്തുടങ്ങി. തനിക്കറിയാവുന്ന കഷ്ഠിപിഷ്ടി ഇംഗ്ലീഷിൽ ഒരുപാടു കാര്യങ്ങൾ ഹാജി ഡി.എസ്.പി. യെ ധരി പ്പിച്ചു. അദ്ദേഹം എഴുതിയതായി പറയപ്പെട്ട കത്തിന്റെ യഥാർത്ഥ സ്ഥിതി സൂക്ഷ്മാന്വേഷണം നടത്താൻ എസ്. പി. ഉത്തരവിട്ടു.
അന്വേഷണത്തിൽ ഹാജി നിരപരാധിയാണെന്ന് ബോധ്യമായി, കത്ത് കള്ളക്കത്താണെന്ന് സൂക്ഷ്മപരിശോധനയിൽ തെളിഞ്ഞു. അതിനു ശേഷം കുഞ്ഞഹമ്മദാജി ഹിച്ച്കോക്കുമായി വളരെ അടുപ്പത്തിലായിരുന്നു.

ബ്രിട്ടീക്ഷ് വിരുദ്ധ കലാപങ്ങളിൽ നേതൃനിരയിലുണ്ടായിരുന്ന പ്രമുഖ സൂഫിയും ഇസ്ലാമിക പഢിതനുമായിരുന്നു ആലി മുസ്ലിയാർ.ആത്മീയ പുരോഹിതൻ ആയതിനാൽ തന്നെ എളുപ്പത്തിൽ ജനങ്ങളേ ആകർഷിക്കാൻ കഴിഞ്ഞിരുന്നു.കുഞ്ഞഹമ്മദാജിയടക്കം പല ഖിലാഫത്ത്കാരും മുസ്ലിയാരുടെ ശിഷ്യന്മാരായിരുന്നു.ആത്മീയത മറയാക്കി മുസ്ലിയാർ ബ്രിട്ടീക്ഷ് വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കളക്ടർ മനസ്സിലാക്കുകയും പ്രദേശത്തേ സൂഫി പുണ്യന്മാരുടേയും രക്തസാക്ഷികളുടേയും ശവകുടീരങ്ങൾ സംബന്ധിച്ച് നടക്കുന്ന പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.വിലക്ക് ലംഘിച്ച് ചേരൂർ നേർച്ച വൻ ജനക്കൂട്ടത്തോടെ എല്ലാ വെള്ളിയായ്ച്ചയും മുസ്സിയാർ നടത്തി.ഇതിനാൽ വിലക്ക് ലംഘിച്ചവരേ കഠിനമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കളക്ടർ തോമസ് മുസ്ലിയാർക്ക് നോട്ടീസ് നൽകി.മുന്നറിയിപ്പ് പാലിച്ച് തടയാൻ നിന്ന പോലീസിനെ തള്ളി വീഴ്ത്തി മുസ്ലിയാരും കൂട്ടരും ചേരൂർ മഖാമിലേക്ക് സിയാറത്ത് തുടങ്ങി.ഈ സംഭവത്തേ മലബാർ കലാപത്തിലേ ആദ്യ അക്രമണമായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

 പോരാട്ടത്തിന്റെ പെണ്ണിടങ്ങൾ

 മലബാർ സമരത്തിന്റെ ഏടുകളിൽ പെൺ പോരാട്ടത്തിനും അഭേദ്യമായ പങ്കുണ്ട്.കീടക്കാട്ട് ഫാത്തിമ പറമ്മേൽ മറിയുമ്മയെ പോലുള്ള സത്രീകളുടെ സാന്നിധ്യം മലബാർ വിപ്ലവത്തിൽ വളരെ ശ്രദ്ധേയമാണ്. . മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുത്തൂര്‍ മുഹമ്മദ് (1937-2012) തന്റെ ആത്മകഥയുടെ (കാലം, പത്രം അനുഭവങ്ങള്‍) ഒന്നാം അധ്യായമായ, ‘ശബ്ദമില്ലാതെ കരഞ്ഞ പെണ്‍കുട്ടി’യില്‍ തന്റെ ഉമ്മയെക്കുറിച്ചെഴുതിയതു മലബാർ വിപ്ലവ സമയത്തെ മുഴുവന്‍ മാപ്പിള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും യഥാര്‍ഥ ജീവിതത്തെ വിവരിക്കുന്നുണ്ട്. പുരുഷന്‍മാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകള്‍ ഖബറുകള്‍ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.

യഥാർത്ഥത്തിൽ ഡൊണാള്‍ഡ് സിന്ദര്‍ബേ പറഞ്ഞതായിരുന്നില്ല മലപ്പുറത്തെ സ്ത്രീ ജീവിതം. ആ ചരിത്രം ജീവിതകാലമത്രയും നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്ന മാപ്പിള സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. അതംഗീകരിക്കപ്പെടുന്നില്ല എന്നത് മറ്റൊരു കാര്യം. സിന്ദര്‍ബേയുടെ നോവലില്‍ കാണുന്ന കൊളോണി വൽക്കരണത്തേ(മലപ്പുറം മാപ്പിളമാരേ ഒഴിവാക്കാനുള്ള ആശയക്കൂട്ട്) കൂടുതല്‍ വിശദമാക്കലാണ് വിപ്ലവാനന്തരം മലപ്പുറത്തുകാർ കേട്ടു സഹിക്കുന്നത്. അതിന്റെ താളുകൾ പലതാണ്. എല്ലാം കാഠിന്യമായ ഒറ്റപ്പെടുത്തലുകളാണ്. മലബാര്‍ വിപ്ലവം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ അത് കൂടുതല്‍ മാറ്റത്തിരുത്തലുകൾ വരുത്തുന്ന നീക്കം ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട നേതാവിന്റെ പിൻഗാമികള്‍ ശക്തമാക്കിയിരിക്കുന്നു, അതിനെ നേരിടേണ്ടത് ചരിത്രം പഠിച്ചും തിരുത്തുന്നതിൽനിന്ന് വസ്തുതകളെ മറവിക്ക് വിട്ടുകൊടുക്കാതെ രേഖപ്പെടുത്തിയുമാണ്.

 തിരുത്ത്  സംരക്ഷിക്കുന്നത്

മനുഷ്യൻ കടന്നുവന്ന വഴികളാണല്ലോ ചരിത്രം.പക്ഷേ അതിനേയും മാറ്റിതിരുത്താൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പേര് നേരത്തെ തന്നെ എഴുതിയതാണ്.

ബ്രിട്ടീഷ് ഭരണം ജന്മിമാർക്ക് അനുകൂലമായിരുന്നു.ഈ സാഹചര്യത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്.മുസ്ലിംജനത അത് ജന്മിമാർക്കും ബ്രിട്ടീഷ്കാർക്കുമെതിരായ പോരാട്ടമായായിരുന്നു കണ്ടത്.മലബാർ സമരത്തിന്റെ ഭാഗങ്ങൾ അന്നു തന്നെ ചരിത്രത്തിൽ ഇടം നേടിയതാണ്.ഇപ്പോൾ കൃത്യം ഒരു നൂറ്റാണ്ടായപ്പോൾ ചരിത്രം തിരുത്താൻþ ശ്രമിക്കുകയായാണ് ഭരണകർത്താക്കന്മാർ. അവ നിരന്തരം അവരെ ഭയപ്പെടുത്തുന്നുണ്ട് എന്നർത്ഥം. പക്ഷേ, ചരിത്രം തിരുത്താനുള്ള വളച്ചൊടിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ എല്ലാം ഈ സത്യാനന്തര ലോകത്ത് സത്യം വായിച്ചെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് യഥാർത്ഥത്തിൽ ഉണ്ടാകുന്നത്.

 ചരിത്രരേഖകൾ ഒരുപക്ഷേ തിരുത്താം. പക്ഷേ   ഓർമകളെയെങ്ങനെയാണ് തിരുത്താൻ കഴിയുക..?
 വെട്ടി തിരുത്തുമ്പോഴും വളച്ചെടുക്കുമ്പോഴും  ഉള്ളിലെ ഭീരുത്വമാണ് പുറത്തുചാടുന്നത്. മുസ്ലിം പേരുള്ള ധീര സമരസേനാനികൾ ഒരുപക്ഷേ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളെ ഉറക്കംകെടുത്തുന്നുണ്ടായിരിക്കണം. പക്ഷേ, മലബാറിലെ ധീര സമരസേനാനികൾ ത്യാഗം  വരിച്ച് നേടിത്തന്ന ഈ മണ്ണിൽ നിന്നു കൊണ്ട് ഓർമ്മകളെ ഒരിക്കലും അവർക്ക് മായ്ക്കാൻ ആവില്ല. സത്യം നിരന്തരം വായിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യും തീർച്ച.