Followers

Monday, September 20, 2021

ബിഷപ്പുമാരുടെ ജിഹാദി കഥകൾ

ബിഷപ്പുമാരുടെ ജിഹാദി കഥകൾ


'മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതക്കരുത്, മത നേതാക്കളുടെ നാക്കില്‍ നിന്നും ഭിന്നിപ്പിന്റെ സ്വരം ഉണ്ടാവരുത്, സമാധാനവും ഐക്യവുമാണ് ഉദ്‌ബോധിപ്പിക്കേണ്ടത്, അന്യന്റെ വിദ്വേഷം പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് വിശ്വാസികള്‍ സംഘടിക്കേണ്ടത്.' ക്രിസ്തുമതസ്ഥര്‍ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന പോപ് ഫ്രാന്‍സിസിന്റെ വാക്കുകളാണിവ. വിശ്വാസികളെ അണിനിരത്തുകയും അടിയുറപ്പിക്കുകയും ചെയ്യുന്ന ബഹുമാന്യ ബിഷപ്പുമാര്‍ തന്നെ പോപ്പിന്റെ വാക്കുകള്‍ക്ക് നേര്‍ വിരുദ്ധം ചെയ്യുന്നത് കാണുമ്പോള്‍ അരോചകം തോന്നുന്നു. വര്‍ഗീയ ശക്തികള്‍ ആദ്യമെ പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യം വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢ പദ്ധതികളുടെ ഭാഗമാണെന്ന് വിളിച്ചറിയിക്കേണ്ടതില്ലല്ലോ. വിഭാഗീയതയുണ്ടാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയതിനേക്കാള്‍ ദുഖകരം കുറെ ഇതര സമുദായ സംഘടനകളും മതേതരമെന്ന് കരുതിയിരുന്ന രാഷ്ട്രീയ നേതാക്കളും അയാള്‍ക്ക് ഓശാന പാടാനും താങ്ങിപ്പിടിച്ച് വീട്ടില്‍ സന്ദര്‍ശനം നടത്താനും ഉണ്ടായി എന്നതാണ്. മതേതര രാജ്യത്ത് മതകീയ പ്രശ്‌നങ്ങള്‍ക്ക് ഒരൊറ്റ മത നേതാക്കളോട് മാത്രം സംസാരിച്ച് മറുപക്ഷത്തെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും മാത്രം ചുരുക്കുകയാണെങ്കില്‍ മതേതരമെന്ന വാക്ക് നമ്മുടെ രാജ്യത്തിന് വെറും അലങ്കാരമായി മാത്രം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഭീതിയോടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

       ഇതര മതസ്ഥരോട് സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും കഴിയുകയും അവരോട് മോശമായി പെരുമാറരുതെന്നും ഖുര്‍ആന്‍ വളരെ സുവ്യക്തമായി പറഞ്ഞ് വെച്ചതാണ്. ഖുര്‍ആന്‍ പറയുന്ന ആഹ്വാനങ്ങളെ ഏതെങ്കിലും പരിഭാഷയില്‍ നിന്ന് വായിച്ച് തങ്ങള്‍ക്ക് മനസ്സിലായതാണ് ഇസ്ലാമിക വിശ്വാസമെന്ന് പ്രഖ്യാപിച്ച് കള്ളപ്രചരണം വലിയ അളവില്‍ നടന്നു കൊണ്ടിരിക്കുന്നു. ആദ്യം മുസ്ലിം മതപണ്ഡിതരെ ശ്രവിക്കുകയും അവര്‍ ഇസ്ലാമിലെ ജിഹാദ് പോലുള്ള ആശയങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയുകയുമാണ് നടക്കേണ്ടത്. ഇസ്ലാമില്‍ ഒരാള്‍ വിശ്വാസിയായി പരിഗണിക്കപ്പെടണമെങ്കില്‍ അല്ലാഹുവിനെ ബോധ്യപ്പെട്ട് മനസ്സില്‍ ഉറച്ച വിശ്വാസത്തോടെ ശഹാദത് ഉച്ചരിക്കലാണ് വേണ്ടതെന്ന് ഏത് മുസ്ലിം കുട്ടിക്കുമറിയാം. പ്രണയത്തിന് വേണ്ടി ഒരാള്‍ മുസ്ലിമായാല്‍ ആ വിശ്വാസം പരിഗണിക്കപ്പെടുന്നുതന്നെയില്ല. ഈ വിശ്വാസമുള്ള ആളുകള്‍ തന്നെ പ്രണയം നടിച്ച് മുസ്ലിമാക്കുന്നെങ്കില്‍ വലിയ തമാശ തന്നെ.

  അല്പം വര്‍ഷങ്ങള്‍ക്ക് മുന്നെ എഴുന്നള്ളിക്കപ്പെട്ടിരുന്ന ലൗ ജിഹാദ് കോടതികളില്‍ തന്നെ നിഷേധിക്കപ്പെട്ടതാണ്. പോരാത്തതിന് മുസ്ലിംകള്‍ വിശുദ്ധമായി കാണുന്ന ജിഹാദ് അഥവാ ജീവിതത്തില്‍ നന്മക്ക് വേണ്ടിയുള്ള പോരാട്ടം എന്ന വാക്കിനെ വാക്കിന്റെ അര്‍ഥവുമായി ഒരര്‍ഥത്തില്‍ പോലും സത്യസന്ധത പുലര്‍ത്താത്ത പ്രണയിച്ച് മതപരിവര്‍ത്തനം നടത്തുക എന്ന ആശയത്തോട് കൂട്ടിക്കെട്ടുന്നത് എന്തുമാത്രം അശ്ലീലമാണ്. ഇപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഒരു ക്രിസ്ത്യന്‍ ഫാദര്‍ ആരോപിച്ച നാര്‍ക്കോട്ടിക്, കള്ള് ജിഹാദ് എന്നിവ കേള്‍ക്കുമ്പോള്‍ ഇസ്ലാമിന്റെ ആദ്യപാഠമറിയുന്നവര്‍ കുലുങ്ങി ചിരിച്ചേക്കും, അത്രയ്ക്കും അസംബന്ധമായ വാക്ക് നിര്‍മാണമല്ലെ അത്. 

പൂര്‍ണ്ണമായി മത നിയമങ്ങളെ അനുസരിക്കാത്തവര്‍ എല്ലാ മതത്തിലുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആരെങ്കിലും ചെയ്യുന്ന തിന്മകളെ മുഴുവന്‍ എടുത്ത് മുസ്ലിം നാമകാരിയാണെങ്കിൽ അവയെ ഇസ്ലാമിന്റെ പേരിലും എല്ലാ മുസ്ലിംകളുടെ പേരിലും കൊണ്ടിടുന്നത് എന്ത് വലിയ അതിക്രമമാണ്. സഹവര്‍ത്തിത്വവും സഹിഷ്ണുതയും ഓതേണ്ടുന്ന ക്രിസ്തുമത നേതാക്കളില്‍ ചിലര്‍ തന്നെ ഒട്ടും അടിസ്ഥാനമില്ലാത്ത പൊള്ള വാക്കുകള്‍ പാകുന്നത് എവിടേക്കായിരിക്കും സമൂഹത്തെ എത്തിക്കുക. മത ചിന്താ വ്യത്യസ്തത മനസ്സിലാക്കി വീഭാഗീയത അരുതെന്നത് നിയമങ്ങള്‍ക്ക് പുറമെ ഓരോ മതനേതാക്കളും വിശ്വാസികളെ നിരന്തരം ഉണര്‍ത്തുകയാണല്ലോ വേണ്ടത്. അപ്പോള്‍ മാത്രമല്ലെ രാജ്യവും ജനങ്ങളും മതങ്ങളും ഒന്നിച്ച് കഴിയുന്ന നന്മയുള്ള രാഷ്ട്രം രൂപപ്പെടൂ.

    ലൗ ജിഹാദിനോടൊപ്പം ലഹരി ജിഹാദും കൂടി കണ്ടെത്തുകയും ആദ്യമേ എഴുതിവെക്കപ്പെട്ട സന്ദേശക്കുറിപ്പിലൂടെ തന്റെ പ്രസംഗം നടത്തി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തില്‍ നിര്‍ത്താന്‍ ശ്രമിച്ച പാലാ ബിഷപ്പ് മാപ്പ് പറയുകയാണിനി വേണ്ടത്. വിഷയ ഗൗരവം മനസ്സിലാക്കതെ അബദ്ധം പറ്റിയതാണെങ്കില്‍ പിന്‍വലിക്കാനുള്ള കരുത്ത് കാണിക്കണം. ഇതിനിടയില്‍ വര്‍ഗീയ രാഷ്ട്രീയ കക്ഷികളുടെ ഒത്തു ചേരൽ കൂടെ കാണുമ്പോള്‍ ഇത് മനപ്പൂര്‍വ്വം ഇസ്ലാം വിരോധത്താലും വിദ്വേശം പടര്‍ത്താനുള്ള ഗൂഢാലോചനയുമാണെന്ന് പറയാതെ വയ്യ.

        ഇസ്‌ലാമിൽ നിന്നും കണക്കിന് സ്ത്രീകൾ ലൗ മാര്യേജിന് വേണ്ടി മതം മാറിയിട്ടുണ്ടല്ലോ.! അപ്പോൾ എല്ലാ മതങ്ങളിലും സജീവമായി നടക്കുന്ന ഒരു പ്രകിയ, പക്ഷെ ജിഹാദ് എന്ന പദം മോഷ്ടിച്ച് ഇസ്ലാമിനെ പ്രതിയാക്കുന്നുവെന്ന് മാത്രം...!!



3 comments: