മാലിക്;മലക്കം മറിക്കപ്പെടുന്ന ചരിത്ര യാഥാർത്ഥ്യങ്ങൾ.
ചരിത്രം വളച്ച് കെട്ടുന്നത് അത്ര പഴക്കമുള്ള കേസല്ല. എന്നാൽ ചരിത്രം മറച്ച് വെച്ച് ഒളിച്ച് കടത്തുന്നതിനോട് കാലവും സമുദായവും പൊറുക്കില്ല.ഇരുണ്ട് കിടക്കുന്ന ചരിത്ര അധ്യായങ്ങളെ വൈറ്റ് വാഷ് ചെയ്തെടുക്കുമ്പോഴും വെളുത്ത അധ്യായങ്ങളിൽ കരി വാരിത്തേക്കുമ്പോഴും യഥാർത്ഥത്തിൽ നടക്കുന്നത് ബോധപൂർവമായ ചരിത്രത്തെ വഴി തിരിച്ച് വിടലാണ്.ഇരയെ പ്രതിയും പ്രതിയെ ഇരയോ/ഉന്നതനോ ആക്കി ചിത്രീകരിക്കുമ്പോൾ മനുഷ്യ കുലത്തോടകമാനം ചെയ്യുന്ന പൊറുക്കപ്പെടാനാകാത്ത ഇത്തരം കൊടും ചതികളെ ഇരകൾക്ക് നേരെയുള്ള രണ്ടാം വെടിവെപ്പായോ പ്രഹസനമായോ നമുക്ക് കാണേണ്ടി വരും.
ചരിത്രം എന്നും ഭരണ പക്ഷത്തിൻ്റെ ഇച്ഛകൾക്ക് അനുസൃതമായിട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്.. ജോർജ് സന്തായനയുടെ വാക്കിൽ ചരിത്രം കള്ളങ്ങളുടെ ഒരു കൂട്ടമാണ്.,
ചരിത്രം ചികയാതെ, ജസ്റ്റ് ഒന്ന് കണ്ണോടിച്ചാൽ തന്നെ ഇത് എത്രത്തോളം സത്യമാണെന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. ഇവെൻ്റ്സുകളിലും ചരിത്ര താളുകളിലും ഒരു പോലെ അവഗണന നേരിടേണ്ടി വന്ന പ്രതി സ്ഥാനത്ത് നിർത്തപ്പെട്ട
ഒരുപാട് ഇരകൾ നമുക്ക് മുമ്പിലുണ്ട്. കയ്യൂക്കുള്ളവൻ്റെ മർദ്ദനത്തിൻ്റെയും ,തങ്ങളുടെ സ്വത്വത്തെ ചൂഴ്ന്നു കളയപ്പെടുന്ന ചിത്രീകരണങ്ങളുടെയും മുമ്പിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന ഇരകൾ...
ഇത്രയൊക്കെ പറഞ്ഞു വന്നത്, ബോധപൂർവമായ ചരിത്രത്തിൻ്റെ മറ്റൊരു വക്രീകരണ ശ്രമത്തെ കുറിച്ച് പറയാനാണ്. 2009 മെയ് 16 ന് ,അതായത് കേരള മുഖ്യൻ്റെ കസേരയിൽ വി എസും ആഭ്യന്തര മന്ത്രിക്കസേരയിൽ കോടിയേരിയും ഇരിക്കുന്ന കാലത്ത്, പതിനാറുകാരൻ ഫിറോസ് അടക്കം ആറു പേരുടെ ജീവനെടുക്കുകയും അൻപതോളം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത 1957 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഭരണകൂടഭീകരതയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ബീമാപള്ളി വെടിവെപ്പിലെ ഭരണ കൂട ഒത്താശയെ മറച്ചു വെച്ച് ,പോലീസിൻ്റെ നര നായാട്ടിനെ പോലും പലയിടങ്ങളിലായി വെള്ളപൂശിക്കൊണ്ട് ഭരണ പക്ഷത്തിൻ്റെ മുഖം നന്നാക്കാനുള്ള ,ബോംബ് ആണെങ്കിൽ മലപ്പുറത്തെനനുള്ള പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതിന്റെ തുടക്കത്തിലുമുണ്ടയിരുന്ന വംശീയ ചുവയുള്ള വർത്തമാനത്തിന് വീണ്ടും വാതിൽ തുറന്ന് കൊടുക്കുന്ന
മഹേഷ് നാരായണൻറ മാലിക് എന്ന വലിയ ശ്രമം, ഒരു വ്യാഴവട്ടക്കാലം മാത്രം ദൂരമുള്ള, സമീപസ്ഥമായ വേട്ടയാടപ്പെട്ട ജനങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കെ ഇരകൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ പേരുകേട്ട മത സാഹോദര്യത്തിന് നേരെയുള്ള രണ്ടാം വെടിവെപ്പായേ നമുക്ക് കാണാൻ സാധിക്കൂ.
പടങ്ങൾ പല ധർമങ്ങളും പാലിക്കേണ്ടതുണ്ട്. അത് ഫിക്ഷൻ ആയാലും അല്ലെങ്കിലും. പടം ഫിക്ഷൻ ആണെന്ന ന്യായീകരണത്തെ മുൻ നിർത്തി ക്കൊണ്ട് നിർദ്ദിഷ്ട സമുദായത്തെ ആകമാനം അധോവൽക്കരിക്കപ്പെടുന്നതും മാഫിയ വൽക്കരിക്കപ്പെടുന്നതും അംഗീകരിക്കാനാവില്ല. ഓരോ കലാരൂപവും സമൂഹത്തിൽ വണ്ണമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ചും പടം പോലെ ജനസമ്മിതിയാർജിച്ച ഒരു കലാരൂപത്തിലെ അഭിനേതാവിൻ്റെ വേഷം, ഭാഷ, ആക്ഷൻ തുടങ്ങിയ ഓരോ ചെറിയ അനക്കങ്ങളെയും ഏറെ താൽപര്യത്തോടെ ചേർത്ത് പിടിക്കുന്ന പ്രേക്ഷകർക്ക് മുമ്പിൽ വംശീയതയുടെ പാഠങ്ങൾ ചിത്രീകരിക്കുമ്പോൾ സമൂഹത്തിലെ സമാധാന അന്തരീക്ഷത്തിന് കൂടിയാണത് വെല്ലുവിളി ഉയർത്തുന്നത്..
വൈരുധ്യങ്ങളല്ല, വംശീയതയാണധികവും
ബീമാപള്ളി വെടിവയ്പ്പിൻ്റെ വസ്തുത എന്താണെന്ന് നിങ്ങൾക്കറിയില്ല എങ്കിൽ ഇതുമായി ബന്ധപ്പെട്ട് വന്ന PUCL ൻ്റെയോ NCHR ന്റെയോ റിപ്പോർട്ടുകൾ എടുത്ത് നിങ്ങളൊന്നു വായിക്കണം. അല്ലെങ്കിൽ ബീമപ്പള്ളിയുടെ സമീപസ്ഥരെ സമീപിക്കുക എങ്കിലും ചെയ്യണം, അപ്പോൾ യാതൊരു അർത്ഥ ശങ്കയ്ക്കുമിടയില്ലാത്ത വിധം മനസ്സിലാക്കാൻ പറ്റും ഇത് ഭരണപക്ഷത്തിൻ്റെ പൂർണ പങ്കാളിത്തത്തോടെ പോലീസ് നടത്തിയ പൈശാചിക കാട്ടിക്കൂട്ടലുകൾ ആയിരുന്നു എന്ന്.
ഇത്തരം വസ്തുതകളെ ഒന്നും മൈൻഡ് ചെയ്യാതെ പ്രത്യേക അജണ്ട ലക്ഷ്യമാക്കിക്കൊണ്ടെന്നോണം ഭരണ പക്ഷത്തിൻ്റെ ചേരിയിൽ നിന്ന് കൊണ്ട് സംവിധായകൻ മാലികിലൂടെ അധോലോക ഛായ നൽകുന്നത് ബീമാപള്ളി യിലെ മുസ്‌ലിംകൾക്ക് മാത്രമല്ല ,മറിച്ച് കേരളത്തിലെ സാമുദായിക മുസ്ലിം രാഷ്ട്രീയത്തിന് കൂടിയാണ്.
ഇടത് പക്ഷം ഭരിക്കുന്ന സമയമായിട്ട് കൂടെ, ഭരണ കൂട ഭീകരതയാണെന്ന വസ്തുതകളെ മന:പൂർവം മൈൻഡ് ചെയ്യാതെ ഒരൊറ്റ ചുവപ്പൻ കൂറ പോലും ഉയർന്ന് കാണാതിരിക്കാൻ ബദ്ദശ്രദ്ധ പുലർത്തിയ സിനിമയിലെ സീനുകളിലുടനീളം പച്ച കൊടികൾ കാണിച്ച് പ്രസ്തുത വിഷയം ഉയർത്തിക്കൊണ്ട് മുന്നോട്ട് വരൽ മൂലം കേരളത്തിലെ സാമുദായിക അന്തരീക്ഷം മോശമാകുമെന്ന് കരുതി ഇരകൾക്കൊപ്പം പോലും നിൽക്കാൻ ഭയപ്പെട്ട ഒരു രാഷ്ട്രീയത്തെയാണ് അതിൻ്റെ ആളുകളെയാണ് ഈ സിനിമ സാമുദായികകലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്നവരായും ബോലോ തക്ബീർ എന്ന് പറഞ്ഞ് ആക്രമണം നടത്തുന്നവരായും പള്ളികളിൽ തോക്കും മറ്റും സൂക്ഷിച്ച് അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വംശമായും ചിത്രീകരിക്കുന്നത്.
വേണ്ടി വന്നാൽ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ലാത്ത കാര്യത്തെ പറഞ്ഞതായും
സുനാമിയിൽ സർവ്വവും തകർന്ന് എത്തുന്ന മനുഷ്യരെ പള്ളിയിലേക്ക് കയറ്റാത്ത ജമാഅത്തിനെ ഭാവനാത്മകമായി സിനിമയിൽ ചേർത്ത് വെച്ചിട്ടുള്ള രംഗങ്ങളൊന്നും അത്ര നിഷ്കളങ്കമായി കരുതാൻ പറ്റുന്നതോ സിനിമയെ കലയായിട്ട് കണ്ടാൽ മതി എന്ന തത്വത്തിൽ പെടുത്തി നിസ്സാരവൽക്കരിക്കാൻ പറ്റുന്നതോ അല്ല..
മാലികിനെ കൊണ്ട് എന്തുണ്ടായി?
ചരിത്രത്തിൻ്റെ വക്രീകരണം,വംശീയതയ്ക്ക് വളമിട്ട് കൊടുക്കുക തുടങ്ങിയ ധാർമിക പരമായ വൈകല്യങ്ങളെ
മാറ്റി നിർത്തി നോക്കുകയാണെങ്കിൽ ചെറിയ കഥാപാത്രങ്ങൾ പോലും തങ്ങളുടെ റോളുകൾ വളരെ നന്നായി അവതരിപ്പിച്ച പടമാണ് മാലിക്.പ്രേക്ഷകരെ എങ്ങനെയെല്ലാം സ്വാധീനിക്കാൻ കഴിയുമോ,അത്തരം വഴികളെല്ലാം ഇതിൻ്റെ അണിയറ പ്രവർത്തകർ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഭരണ പക്ഷത്തോട് ചേർന്ന് നിന്ന് ഇരകളെ വില്ലനൈസ് ചെയ്യുന്ന രീതിയിലാണ് പടത്തിൻ്റെ കിടപ്പെങ്കിലും കേരളത്തിൻ്റെ പൊതുസമൂഹത്തിന് ബീമാപ്പള്ളിയിലെ വെടിവയ്പ്പ് ഇക്കാലമത്രയും ഒരു പൊതുപ്രശ്‌നമായിട്ടില്ലാത്ത സാഹചര്യത്തിൽ പള്ളി സംഭവത്തെ പൊതുബോധ മണ്ഡലത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ മാലിക്കിനായിട്ടുണ്ട്.
കൂടാതെ എന്താണ് ബീമാപ്പള്ളി വെടിവെപ്പ്,ആരൊക്കെയാണ് അതിൻ്റെ സൂത്രധാരന്മാർ, ഇന്നും അവിടത്തെ മുസ്ലിം ന്യൂന പക്ഷത്തിൻ്റെ അവസ്ഥയെന്ത് എന്നെല്ലാം ഒരു വ്യാഴവട്ടക്കാല ത്തിനിപ്പുറം ചിന്തിക്കാനും പ്രതികരിക്കാനും മാലിക് അവസരമൊരുക്കി നൽകുന്നുണ്ട്...