Followers

Monday, May 2, 2022

പെരുന്നാൾ പൊലിവ്!

റമളാന്റെ അവസാനമറിയിച്ച് കൊണ്ട് ശവ്വാലമ്പിളിയുടെ വെളിച്ചക്കീറ് പ്രത്യക്ഷമായാൽ പെരുന്നാളുറപ്പിച്ചു.
കോഴിക്കോട്ടെ ഖാളിയാര് മാസം കണ്ടതായി അറിയിക്കണം. അധികവും തേങ്ങാപൂള് പോലെ ശവ്വാലമ്പിളി വരവറിയിക്കൽ കാപ്പാട്ടാണ്. പിന്നെ കുട്ടികളുടെ മുഖത്ത് നൂറ് പൂത്തിരി ഒപ്പം കത്തിച്ച ചേലാ...
നോമ്പ് ഇരുപത്തിയൊമ്പതിന് വല്യോർക്ക് വല്ലാത്ത അസ്വസ്ഥത ആയിരിക്കും. നോമ്പ് മുപ്പതും കിട്ടില്ലേ എന്ന ആശങ്ക. എന്നാൽ കുട്ടികൾക്ക് നേരത്തെ പെരുന്നാളാകാനാണ് ഇഷ്ടം. ഇരുപത്തിയൊമ്പതിന് മാസം കണ്ടില്ലേൽ കുട്ടികളെ മുഖത്തെ തെളിച്ചം കുറയും. എന്നാലും മറ്റന്നാളെ പെരുന്നാൾ ആകുമല്ലോ എന്ന ആശ്വാസത്തിൽ നോമ്പ് മുപ്പതും ഉള്ള സങ്കടം അതിലലിഞ്ഞില്ലാതാകും. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വ്രതത്തിന്റെ അവസാനമറിയിച്ച് പള്ളിമിനാരങ്ങളിൽ നിന്നും അറിയിപ്പ് വരും. കാപ്പാട് മാസപ്പിറവ് കണ്ടതിന്റെ വിവരം കിട്ടിയാലാണത്.. അതോടെ അന്തരീക്ഷത്തിലെങ്ങും തക്ബീറൊലികൾ മുഴങ്ങിക്കേൾക്കാനാകും.
അതോടെ ആത്മശുദ്ധീകരണത്തിനും മാനസിക വിമലീകരണത്തിനും അസുലഭാവസരങ്ങൾ കൈവരുന്ന വിശുദ്ധിയുടെ അനുഗ്രഹ ദിനരാത്രങ്ങൾ വിട ചൊല്ലലായി, കൂടെ പെരുന്നാളോർമിപിച്ച് താക്ബീറൊലികൾ അന്നേ ദിവത്തിന് മാറ്റ് കൂട്ടും.
അന്നൊക്കെ ഒരു പ്രത്യേക ഈണത്തിലും താളത്തിലും ഉറക്കെ തക്ബീർ ചൊല്ലാൻ ആവേശമായിരുന്നു. വീട്ടിലെ ആണുങ്ങളെല്ലാം പള്ളിയിൽ പോയിട്ടുണ്ടാകും.
പെരുന്നാൾ വർണശബളമാക്കി വീടുകളിലെങ്ങും മൈലാഞ്ചി യുടെ മണം പടർന്നിട്ടുണ്ടാകും. കുട്ടികളും ഉമ്മമാരുമടക്കം മിക്കവാറും പെണ്ണുങ്ങളെല്ലാം മൈലാഞ്ചിയിടും. അന്ന് ഇന്നത്തെ മൈലാഞ്ചി ട്യൂബുകൾ പീടികകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടങ്കിലും പ്രിയം വേലിക്കരികിലെ മൈലാഞ്ചിച്ചെടിയോടായിരുന്നു. മുമ്പ് തന്നെ മൈലാഞ്ചി പറിച്ച് വെച്ചിട്ടുണ്ടാകും. പറിച്ച് കൊണ്ടുവരൽ കുട്ടികളാണെങ്കിലും അരക്കാനുള്ള ചുമതല ഉമ്മമാർക്കോ ഇത്താത്തമാർക്കോ ആയിരിക്കും. മൈലാഞ്ചി യുടെ ഗന്ധം അന്തരീക്ഷത്തിലെങ്ങും തങ്ങി നിൽക്കും. ഹൃദ്യമായ ആ ഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കാൻ ഒരു വല്ലാത്ത രസമാണ്. പിന്നീട് മൈലാഞ്ചി കൈവെള്ളകളിൽ നിറച്ച് നീട്ടിപ്പിടിച്ചൊരിരിപ്പുണ്ട്. മൈലാഞ്ചി ചോക്കാനണത്!
ഇശാഅ് നിസ്കാരം കഴിഞ് മൈലാഞ്ചിയിൽ കുതിർന്ന കൈകൾ പിറ്റേന്ന് കാലത്താണ് കഴുകിക്കളയുക. പിന്നെ വല്യോരെ കൂടെ ഫിത്ർ സകാത്തിന്റെ അരിയുമായി അടുത്തുള്ള വീടുകളിൽ കയറിയിറങ്ങും. അരിയും പിടിച്ച് കൂടെ ഉള്ള മുതിർന്നവർ ആരായാലും അവരുടെ മുമ്പിൽ ടോർചും തെളിച്ച് വഴി കാണിക്കാൻ കുട്ടികൾ ഉണ്ടാകും. ഉറക്കം കൈയൊഴിഞ്ഞ രാത്രിയാണ് പെരുന്നാൾ തലേന്ന്,ഭൂമി കുലുങ്ങിയാലും അറിയാത്തവരൊക്കെ ഇടക്കിടെ എണീറ്റ് നോക്കും നേരം പുലർന്നോന്ന് അറിയാൻ.പിന്നെ കാലത്ത് തന്നെ പെൺകുട്ടികൾക്കൊ ക്കെ 
അത്യധികം ആവേശത്തോടെ ചുവപ്പ് പടർന്ന് പിടിച്ച കൈകൾ നീട്ടിപ്പിടിച്ച് എല്ലാവരെയും കാണിക്കാൻ ഒരു തരം ഉത്സാഹമാണ്. കൂടെ മറ്റുള്ളോരുടെ കൈകളിൽ നോക്കി സ്വന്തം കൈ പെർഫെക്ട് ആണെന്ന് ഉറപ്പ് വരുത്താനും ചില കുശുമ്പികൾ മറക്കൂല.പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ മുതിർന്നവരെ ചുറ്റി പറ്റി ഒരു നടപ്പുണ്ട്. പെരുന്നാൾ പൈസക്ക്. ആ ചുറ്റിക്കളി മനസ്സിലാക്കി എന്നോണം ഓരോരുത്തർക്കും  പത്ത് രൂപയുടെ പുതിയ നോട്ടുകൾ കൈകളിൽ വെച്ച് തരും. അന്നൊക്കെ പത്ത് രൂപ വലുതായിരുന്നു. അതിന് മിഠായിയോ പടക്കമോ വാങ്ങിച്ച് തീർക്കും.
മുതിർന്നവരുടെ കണ്ണിൽ പെടാതെ ചില്ലറ തുട്ടുകൾ ഒരുമിച്ച് കൂട്ടി പടക്കം വാങ്ങിക്കും. അതിന്റെ രൂക്ഷ ഗന്ധം വരുമ്പോൾ പടക്കത്തിനൊപ്പം മുതിർന്നവരുടെ ശകാരവും പൊട്ടും.
പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് അന്നത്തെ സ്പെഷ്യൽ ബിരിയാണിയും പായസവുമൊക്കെ ആയാൽ വയറിനെക്കാളേറെ മനസ്സ് നിറയും.
വീടുകൾ തോറും ഒരു പര്യടനം നടത്തുന്നതിലും വല്ലാത്ത ആഹ്ലാദം കണ്ടെത്തിയിരുന്നു.
എന്നാൽ അന്നത്തേതിൽ നിന്നും തികച്ചും വിഭിന്നമായി തക്ബീറൊലികൾക്കും മൈലാഞ്ചിച്ചോപ്പിനും  വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്ന ബിരിയാണി ഇന്ന് സുലഭമാവുകയും ചെയ്തതോടെ പെരുന്നാളിന് മങ്ങലേറ്റു. ഇന്റർനെറ്റിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട ഇന്നത്തെ ജന്മങ്ങൾ ആശംസകളും ആരവങ്ങളും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും മാത്രമായി ഒതുക്കി.
രാവും പകലും ആരാധനയിൽ മുഴുകി സമ്പാദിച്ച പുണ്യം പെരുന്നാൾ ആകുമ്പോൾ ആഘോഷത്തിന്റെ പളപളപ്പിലൂടെ ഇല്ലാതാക്കിക്കൂട. ഏകനായ അല്ലാഹുവിന്റെ മഹത്വം മനസ്സാ - വാചാ വിളംബരം ചെയ്യലാണ് പെരുന്നാളാഘോശത്തിന്റെ ഇതിവൃത്തം. ആ വിളംബരങ്ങളുടെ യഥാർത്ഥ അനുരണനമാകണം കർമങ്ങളായി ഒരു വിശ്വാസിയിലൂടെ പുറത്ത് വരേണ്ടത്. നാഥൻ തുണക്കട്ടെ - ആമീൻ....

2 comments: