Followers

Friday, July 8, 2022

ആത്മ സമർപ്പണത്തിന്റെ ഹജ്ജ് വിശേഷങ്ങൾ

 ആത്മ സമർപ്പണത്തിന്റെ ഹജ്ജ് വിശേഷങ്ങൾ


കാലചക്രം തിരിഞ്ഞ് വീണ്ടും ദുൽഹജ്ജിലെ പുണ്യ ദിന രാത്രങ്ങളിലെത്തിയിരിക്കുന്നു,പുണ്യ കഅ്‌ബക്ക് ഭംഗികൂടുന്ന നാളുകൾ ,ഇസ്മാഈൽ (അ)ന്റെയും പിതാവ് ഇബ്രാഹീം നബിയുടെയും ത്യാഗ സ്മരണകൾ എങ്ങും അയവിറക്കുകയാണ് ഈ ഓരോ നാളുകളും. സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ചു അല്ലാഹുവിന്റെ കഅബാലയം ലക്ഷ്യം വെച്ച് നീങ്ങുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ നമുക്ക് കാണാൻ കഴിയും .കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം  ചെയ്യൽ നിർബന്ധമുള്ള ഹജ്ജ് കർമ്മത്തിന് ഇന്നും മക്കയിലേക്ക് ജനസാഗരങ്ങളുടെ ഒഴുക്കാണ്. ഹിജ്റ ആറാം വർഷമാണ് ഉമ്മത്തിന്റെ മേൽ ഹജ്ജ് നിർബന്ധമാക്കിയത്.
       ലോക ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും  സാഹോദര്യത്തിന്റെയും  സന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജ് നിർവഹണത്തിന്ഈ വർഷം പതിനഞ്ച് ലക്ഷത്തില്പരം ആളുകളാണ്  എത്തിയിരിക്കുന്നത്.ധനികനോ ദരിദ്രനോ പണ്ഡിതനോ പാമരനോ കറുത്തവനോ വെളുത്തവനോ സെലിബ്രിറ്റിയോ സാധാരണക്കാരനോ അങ്ങനെ യാതൊരു വിധ പരിഗണനയും അവഗണനയും ഇല്ലാതെ എല്ലാവരും ഒരു പോലെ ഒരേസമയം ഒരേ സ്ഥലത്ത് ഒരേയൊരു ഉടമയായ അല്ലാഹുവിന്റെ മുമ്പിൽ മുട്ടുകുത്തി ആത്മ വിശുദ്ധി തേടുകയാണ്.
   പിൽകാലത്തുള്ളതിൽ വെച്ച് ഏറ്റവും നല്ല മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമുക്കിന്നുള്ളത് .പഴമരുടെ ജീവിതയാത്രകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്. ഇമാം നസഫി ഒരു സംഭവം വിവരിക്കുന്നുണ്ട്.“ഒരിക്കൽ ഒരാൾ ത്വവാഫ് ചെയ്യുന്ന ഒരു വൃദ്ധനോട് ചോദിക്കുകയുണ്ടായി
"നിങ്ങൾ ഏതു ദേശത്തുനിന്നാണ്" പൊടുന്നനെ അയാൾ ഒരു രാജ്യത്തിന്റെ നാമം ഉരുവിട്ടു.വീണ്ടും വൃദ്ധനോട് "നിങ്ങൾ രാജ്യത്തുനിന്ന് യാത്രതിരിച്ചിട്ട് നാളുകളെത്രയായി?" വൃദ്ധന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു"മകനേ. നീ എന്റെ തല കണ്ടോ? ഈ തലയിൽ ഒരു കറുത്ത മുടിയെങ്കിലും നിനക്ക് കാണാൻ കഴിയുന്നുണ്ടോ ? ഇല്ല എന്നു തന്നെ ആയിരുന്നു അയാളുടെ മറുപടി.വീണ്ടും വൃദ്ധൻ" ഞാൻ എന്റെ നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എന്റെ ഈ തലയിൽ ഒരിഴ മുടി പോലും നരച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ നിനക്ക് കാണാൻ കഴിയുന്നുണ്ടാകും ഈ തലയിൽ ഒരൊറ്റ കറുത്ത മുടിപോലും അവശേഷിക്കുന്നില്ലെന്ന് .വീട്ടിൽ നിന്നറങ്ങിയ ഞാൻ ഓരോ നാട്ടിലും തങ്ങും, അവിടെ എന്തെങ്കിലും തൊഴിൽ ചെയ്ത് കൂടും .ചില്ലറ കാശുകൾ മാത്രം മിച്ചംവെക്കും,പിന്നെയും യാത്ര തുടരും .ഓരോ നാട്ടിലും തൊഴിൽ  ചെയ്ത് മിച്ചം വെച്ച സമ്പാദ്യം കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇവിടെ എത്തിച്ചേർന്നിരിക്കുകയാണിപ്പോൾ.അനേകം വർഷങ്ങൾക്കു മുമ്പ് വീടും വീട്ടുകാരെയും വിട്ട് അല്ലാഹുവിന്റെ ഭവനം ലക്ഷ്യമാക്കി യാത്ര തിരിച്ചവനാണ് ഞാൻ."ഈ വൃദ്ധന്റെ അനുഭവം നമ്മുടെ മുൻഗാമികളുടെ ഹജ്ജ് യാത്രകൾ ഏത് വിധത്തിലായിരുന്നുവെന്നും എത്ര ക്ലേശകരമായിരുന്നുവെന്നുമുള്ളതിൻ്റെയും ഒരു നേർപ്പകർപ്പ് വരച്ചുകാട്ടുന്നു.
       സൈനബ് കോബോൾഡ്,ആദ്യമായി ഹജ്ജ് നിർവഹിച്ച ബ്രിട്ടീഷ് വനിതയാണിവർ. സ്കോട്ടിഷ് വനിതയായ സൈനബ് ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ലേഡി എവ്‌ലിൻ മുർറെ കോബോൾഡ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1867 ൽ എഡിൻബറോയിൽ ജനിച്ച ഇവർ “സാമാന്യ ബോധത്തിന്റെ മത"മെന്നാണ് ഇസ്ലാമിനെ കുറിച് അഭിപ്രായപ്പെട്ടത് .1933ൽ അറുപത്തി ആറാമത്തെ വയസ്സിൽ തനിച്ചാണ് സൈനബ് കോബോൾഡ് കൈറോവിൽ നിന്ന് ജിദ്ധ വഴി ഹജ്ജിന് പോയത്. അന്ന് നടത്തിയ ഹജ്ജ് യാത്രയുടെ വിവരണത്തിൽ മക്കയിലേക്ക് തീർത്ഥാടനത്തിന് പോകുന്ന നിരവധി കാൽനടയാത്രക്കാരെ  കണ്ടതായി ഇവർ സൂചിപ്പിക്കുന്നുണ്ട് .
    പ്രവാചകൻ തിരുമേനി (സ്വ) ഉദ്ധരിക്കുന്നതായി നമുക്ക് കാണാം : "നീ അറഫയുടെ സന്ധ്യയിൽ സംഗമിക്കുമ്പോൾ അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങിവന്ന് അല്ലാഹു മലക്കുകളോട് അഭിമാനം പറയും :" ഇതാ എന്റെ അടിമകൾ വിദൂര മലമ്പാതകൾ താണ്ടി പൊടിപുരണ്ടും ജട പിടിച്ചും എന്റെ കാരുണ്യം തേടി വന്നിരിക്കുന്നു. അവരുടെ പാപങ്ങൾ മണലതരികളോളമോ മഴത്തുള്ളികളോളമോ ആവട്ടെ ഞാനത് പൊറുത്തിരിക്കുന്നു.അടിമകളേ, നിങ്ങൾക്ക് പിരിഞ്ഞ് പോകാം നിങ്ങൾക്കും നിങ്ങൾ ശുപാർശ ചെയ്തവർക്കും ഞാൻ പാപ മോചനം നൽകിയിരിക്കുന്നു"
. അറഫ ദിനത്തിലെ അളവറ്റ പ്രാധാന്യം ഈയൊരൊറ്റ ഹദീസിൽ നിന്നും നമുക്ക് ഉൾകൊള്ളാൻ കഴിയുന്നതാണ് .അറഫ ദിനത്തിലെ പ്രാർത്ഥന ഉത്തരം ലഭിക്കാവുന്ന ദിനത്തിലെ ഒരു പ്രാർത്ഥന കൂടിയാണ്.റഹീമായ ഉടമയുടെ ഔദാര്യം കോരിച്ചൊരിയുന്ന ദിനം .പ്രാർത്ഥനകളിൽ ഉത്തമം അറഫ ദിനത്തിലെ പ്രാർത്ഥനക്കാണെന്ന് നബി(സ്വ) തങ്ങൾ നമ്മേ പഠിപ്പിച്ചതായി നിരവധി ഹദീസുകളുടെ വെളിച്ചത്തിലൂടെ നമുക്ക് വ്യക്തമാക്കാൻ കഴിയുന്നതാണ്.സൂര്യ വെളിച്ചം തട്ടിയ ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനമെന്നാണ് അറഫദിനതെ നബി തങ്ങൾ വിശേഷിപ്പിച്ചിരുന്നത്.അറഫ ദിനത്തിൽ ഹജ്ജ് കർമ്മം നിർവഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാരല്ലാത്ത എല്ലാ മുസ്ലിമുകളും വ്രതമനുഷ്ഠിക്കൽ ഏറെ പ്രാധാന്യം നിറഞ്ഞ കാര്യമാണ്.വരാനിരിക്കുന്നതും കഴിഞ്ഞു പോയതുമായ ഒരു വർഷത്തെ പാപക്കറകളെ അല്ലാഹു മായ്ച്ചു കളയുമെന്നാണ് നബി തങ്ങൾ ഈ നോമ്പിനെ കുറിച് എടുത്തു പറഞ്ഞത് .ഇബ്നു മാജയിൽ ഉമർ(റ) അറഫ നോമ്പിനെ രണ്ടു വർഷത്തെ നോമ്പിനു സമം നില്കുന്നതായി ഞങ്ങൾ കണ്ടിരുന്നു എന്ന് പറയുന്നുന്നുണ്ട് .ഹജ്ജ് അറഫയാണെന്നാണല്ലോ നമ്മേ പഠിപ്പിച്ചിട്ടുള്ളത് .ഹജ്ജിനെത്തുന്ന മുഴുവൻ ആളുകളും ഒരിടത്ത് ഒരുമിച്ച് കൂടുന്ന സമയമാണിത്.ഹൃദയ നിർഭരമായ കാഴ്ചകളാൽ അറഫ തിങ്ങിനിറഞ്ഞുനിൽക്കുകയാണ്.
     അറഫ ദിനത്തിൽ  അല്ലാഹുവിന്റെ കാരുണ്യം അവന്റെ അടിമകളുടെ മേൽ വർഷിപ്പിക്കുന്നത് കണ്ട് പിശാച് തീർ ത്തും കോപിഷ്ഠനായിത്തീരും. ആളുകൾക് നരകമോചനം ലഭിക്കുന്ന ഒരു സുവർണ്ണ ദിനം കൂടിയാണ് അറഫ ദിനം.
      ദുൽഹജ്ജ് പത്ത് ബലിപെരുന്നാൾ ദിനം,ഇബ്രാഹിം നബി (അ)ന്റെയും മകൻ ഇസ്മാഈൽ(അ) ന്റെയും ത്യാഗ സ്മരണകൾ ലോക മുസ്ലിംകൾക്ക് ഒരു ഓർമപ്പെടുത്തലായി പകരുന്ന ദിനം.തക്ബീറിന്റെ ധ്വനികൾ വാനിലൂടെ അലയടിക്കുമ്പോൾ മുസ്ലിം ഉമ്മത്തിനതൊരു ആനന്ദ നാളുകളാണ്. സ്വഹാബികളായ ഇബ്നു ഉമർ(റ) ,അബൂ ഹുറൈറ (റ)എന്നിവർ ഈ ദിവസങ്ങളിൽ അങ്ങാടികളിലേക്കിറങ്ങി തക്ബീറുകൾ ചൊല്ലാറുണ്ടായിരുന്നുവെന്ന് നമുക്ക് ഹദീസുകളിൽ കാണാൻ കഴിയുന്നതാണ്.അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നു:“നബി (സ്വ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു,ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിന്റടുക്കൽ മറ്റൊരു ദിവസങ്ങളുമില്ല.ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സൽകർമ്മങ്ങളെപ്പോലെ  അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കർമങ്ങളുമില്ല.അതുകൊണ്ടു തന്നെ നിങ്ങൾ  തഹ്മീദുകളും തഹ്‌ലീലുകളും തക്ബീറുകളും  അധികരിപ്പിക്കുക."(അഹ്മദ്).
 ദുൽഹജ്ജ് പത്തിന് ലോകമെമ്പാടും പെരുന്നാൾ ആഘോഷിക്കുന്ന ദിനം,ഈ ദിനത്തിലാണ് ഹാജിമാർക്ക് ജംമ്രയിൽ കല്ലെറിയേണ്ടുന്ന ദിനം.ഇബ്രാഹീം നബി(അ) തന്റെ മകൻ ഇസ്മാഈലുമായി അല്ലാഹുവിന്റെ കല്പന പ്രകാരം അവന്റെ മാർഗത്തിലുള്ള ബലിക്കായി പോകുമ്പോൾ പിശാചു ഇടപെട്ട് ആവതു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി.ഇതിനെതുടർന്നുള്ള ജിബ്‌രീൽ (അ) ന്റെ നിർദ്ദേശപ്പ്രകാരമാണ് ഇബ്രാഹീം നബി (അ) പിശാചിനെ കല്ലെറിഞ്ഞോടിച്ചത് ,അതിന്റെ ഒരു സ്മരണ കൂടിയാണ് മൂന്നു ജംമ്രയിൽ കല്ലെറിയൽ കർമം.നമ്മുടെ ജീവിതത്തിലെ മുഴുവൻ പാകപ്പിഴവുകൾക്കും തെറ്റുകുറ്റങ്ങൾക്കും   പ്രധാന വഴിതിരിവ് കാണിച്ചു തന്ന മുസ്ലിമിന്റെ കൊടിയ ശത്രുവിനെ തുരത്തിയോടിക്കുവാനുള്ള ഒരു അവസരം കൂടിയാണിത്.
           ബലിപെരുന്നാൾ എന്ന് പറയുന്നിടത്തുതന്നെ ബലിയുടെയും പെരുന്നാളിന്റെയും ദിനമാണെന്ന് നമുക്ക് മനസ്സിലാക്കാം .ഇബ്രാഹീം നബി സ്വന്തം മകനെ അല്ലാഹുവിന്റെ മാർഗത്തിൽ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ഒരു ത്യാഗ സ്മരണയാണ് ഉള്ഹിയ്യത്ത്.അന്ന് കരുണാമയനായ അല്ലാഹു ആടിനെ അറുക്കാൻ കല്പ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ നമ്മിൽ പലരും ഇന്ന് ബലിയാടാവേണ്ടിയിരിന്നു.
   ഇനി നമുക്ക് ഇസ്മാഈലിന്റെ ത്യാഗ സ്മരണകളിലേക്കൊന്നിറങ്ങിച്ചെല്ലാം,ഇബ്രാഹീം നബിക്ക് ഏറെ കാലത്തെ ആശകൾക്കും കാത്തിരിപ്പിനു മൊടുവിൽ ലഭിച്ച പൊന്നോമന മകനാണ് ഇസ്മാഈൽ.മകന് പതിമൂന്ന് വയസ്സുള്ളപ്പോൾ (പതിനേഴ് എന്നും അഭിപ്രായമുണ്ട്) ഒരിക്കൽ കുടുംബത്തോടൊപ്പം മക്കയിലേക്ക് വന്നു.ഭാര്യ ഹാജറയോട് ഞാനും മോനും ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞു. യാത്രയ്ക്ക് മോനെ തയ്യാറാക്കി ഉമ്മ ഹാജറ ബീവി മകനെ യാത്രയാക്കി.ഉപ്പ മകനോട് പറഞ്ഞു,മോനേ..ഞാനൊരു സ്വപ്നം കണ്ടു .നിന്റെ മകനെ അറുത്ത് ബലി നൽകുക എന്ന് അല്ലാഹു എന്നോട് കല്പ്പിച്ചിരിക്കുന്നു.മകന്റെ മറുപടി കേട്ട പിതാവ് ആശ്ചര്യപ്പെട്ടുപോയി. അല്ലാഹു എന്താണോ കല്പ്പിച്ചത് അതുപോലെ പ്രവർത്തിക്കാൻ ആയിരുന്നു മകൻ നിർദ്ദേശിച്ചത്.നബി മകനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി.ഇതിനിടയിൽ ഇതുകണ്ട് സഹിക്കവയ്യാത്ത ശപിക്കപ്പെട്ട പിശാച് വന്ന് ഹാജറയെയും പിന്നീട്‌ മകൻ ഇസ്മാഈലിനെയും തുടർന്ന് ഇബ്രാഹീം നബിയെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.ആദ്യം ആട്ടിയോടിച്ചു,പിന്നീടും വന്നപ്പോഴാണ് ഏഴ് കല്ലെടുത്തെറിഞ്ഞത് .മിനായിലെത്തിയ അവർ  അവിടെ ബലിയറുക്കാൻ വേണ്ട സജ്ജീകരണങ്ങൾ തയ്യാറാക്കി.യാതൊരു സങ്കോചവുമില്ലാതെ  ഇസ്മാഈൽ ബലിയറുക്കാൻ വേണ്ടി പിതാവിന്റെ മുമ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു.കത്തി കഴുത്തിൽ വെച്ചു അറവു തുടങ്ങിയെങ്കിലും ഇസ്മാഈൽ നബിക്ക് ഒരു പോറലു പോലും ഏറ്റില്ല എന്നതാണ് ചരിത്രം.ഉടനെ സ്വർഗത്തിൽ നിന്നുമുള്ള ഒരാടിനെയും  കൊണ്ട് ജിബ്‌രീൽ വരികയും ഇബ്രാഹീം നബി അതിനെ തക്ബീർ ചൊല്ലി ബലിയറുക്കുകയും ചെയ്തു.വാസ്തവത്തിൽ ഇബ്രാഹീം നബിക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു ഇത്.അതിൽ ഇബ്രാഹീം നബി വിജയിക്കുക തന്നെ  ചെയ്തു.വിശുദ്ധ ഖുർ ആനിലെ  സൂറത്തുസ്സ്വാഫാതിലെ നിരവധി ആയത്തുകളിലൂടെ അല്ലാഹു തന്നെ ഈ സംഭവം വിവരിക്കുന്നുണ്ട്.ബലി പെരുന്നാളിന് നടക്കുന്ന ഉള്ഹിയ്യത്ത് ഈയൊരു ത്യാഗത്തിന്റെ ധന്യ സ്മരണ പുതുക്കലാണ്.മാത്രമല്ല ,അല്ലാഹുവിന്റെ മാർഗത്തിലുള്ള ബലിക്ക് സ്രഷ്ടാവ് നിരവധി പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ബലി മൃഗത്തിന്റെ രക്തം മണ്ണിൽ ഉറ്റി വീഴുന്നതോടുകൂടി പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി.ഇതിൽ നിന്നും ഉള്ഹിയ്യത്ത് എത്ര പ്രാധാന്യം ഉൾക്കൊണ്ടതാണെന്നും എന്തുമാത്രം പ്രതിഫലം ലഭിക്കുന്നതാണെന്നും നമുക്ക് മനസ്സിലാക്കാം .ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി:കഴിവുള്ളവനായിരുന്നിട്ടും ഉള്ഹിയ്യത്ത് നിർവ്വഹിക്കാത്തവർ നമ്മുടെ പെരുന്നാൾ നിസ്കാര സ്ഥലത്തുപോലും അടുക്കേണ്ടതില്ല"(അഹ്മദ്,ഇബ്നുമാജ).
  ഈയൊരൊറ്റ ഹദീസിൽനിന്നും ഉള്ഹിയ്യത്തിന്റെ കാര്യ ഗൗരവം നമുക്ക് തീർച്ചപ്പെടുത്താം.
  പരിശുദ്ധമായ ദുൽഹിജ്ജയിലൂടെ കടന്നു പോകുന്ന നമുക്ക് ഇനിയും എത്രയോ ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതായിട്ടുണ്ട്.ഓദാര്യവാനായ അല്ലാഹു അടിമകളായ നമുക്ക് ചൊരിഞ്ഞു നൽകിയ അളവറ്റ അനുഗ്രഹങ്ങളിലൂടെ അവനെ മനസ്സിലാക്കാൻ ഇനിയും എത്രയോ അവശേഷിക്കുന്നുണ്ട്.

✍🏻 Fathima Nabla